പ്രൊഫൈലുകളിൽ ഓട്ടോമാറ്റിക് ഫ്രൻഡ് റിക്വസ്റ്റ് ലഭിക്കുന്നെന്ന പരാതി പരിഹരിച്ചതായി ഫേസ്ബുക്ക്. അപ്ഡേഷന്റെ ഭാഗമായി വന്ന ഒരു ബഗ് കാരണമാണ് പ്രശ്നമുണ്ടായതെന്നും പിഴവ് സംഭവിച്ചതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും കമ്പനി വ്യക്തമാക്കി. സന്ദർശിച്ച പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രന്റ് റിക്വസ്റ്റ് പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്.
ഉപയോക്താക്കൾ ഏതെങ്കിലും വ്യക്തികളുടെ പ്രൊഫൈൽ സന്ദർശിക്കുമ്പോൾ, സ്‌ക്രീനിൽ എവിടെയും ക്ലിക്ക് ചെയ്യാതെ തന്നെ ആ വ്യക്തിക്ക് ഫ്രൻഡ് റിക്വസ്റ്റ് പോകുന്നു എന്നതായിരുന്നു പരാതി. സാമൂഹ്യ മാധ്യമങ്ങളിലെ സ്വകാര്യത സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഫേസ്ബുക്കിലെ പ്രശ്നവും ചർച്ചയായത്. എന്നാൽ ബഗ് കണ്ടെത്തിയെന്നും പ്രശ്നം ഉടൻ തന്നെ പരിഹരിച്ചെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സ്വകാര്യത സംബന്ധിച്ച് പല തരത്തിലുള്ള പ്രശ്നങ്ങളാണ് അടുത്തിടെയായി ഫേസ്ബുക്കിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വേരിഫൈഡ് ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തതായും പേജിന്റെ പേരും ഫെയ്സ്ബുക്ക് യുആർഎല്ലും മാറ്റിയതായും നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.
Be the first to comment