കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് അവാര്‍ഡ്

കേരള ടൂറിസത്തിന് അന്തര്‍ദേശീയ പുരസ്‌കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡിനാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി അര്‍ഹമായത്. ലണ്ടനില്‍ ലോക ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജലസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാറ്റഗറിയിലാണ് പുരസ്‌കാരം. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവര്‍ത്തനത്തിലെ മാതൃകാ പ്രവര്‍ത്തനത്തിനാണ് വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ടിന് അവാര്‍ഡ് ലഭിച്ചത്.

മാര്‍ച്ച് 31 2022ലാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.  Sustainable, Tangible, Responsible, Experiential, Ethnic, Tourism hubs എന്നതിന്റെ ചുരുക്കെഴുത്താണ് STREET പദ്ധതി. കോട്ടയം ജില്ലയിലെ മറവന്തുരുത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം മന്ത്രി പറഞ്ഞു. വാട്ടര്‍ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കോട്ടയം മറവന്‍തുരുത്തിലെ പ്രവര്‍ത്തനങ്ങളെ ജൂറി പ്രത്യേകം അഭിനന്ദിച്ചു.

കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. കയാക്കിങ് ഉള്‍പ്പെടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിച്ചു വരുന്നു. പദ്ധതി പ്രദേശത്തെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പാരിസ്ഥിതിക സന്തുലനം സൃഷ്ടിക്കാന്‍ കഴിഞ്ഞതിനുപരി മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളപ്പൊക്കവും നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്തു. 

ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയില്‍ നടക്കുന്നത്. പദ്ധതിക്കായി നടക്കുന്ന ജനകീയ മുന്നേറ്റവും മാതൃകാപരമാണ് എന്ന് ജൂറി വിലയിരുത്തി. പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെടുത്തി ജലസംരക്ഷണത്തിനുള്ള ഒരു ഉപാധിയായി ടൂറിസത്തെ മാറ്റാന്‍ കഴിയുമെന്ന് വാട്ടര്‍ സ്ട്രീറ്റിലൂടെ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലോകത്തിന് കാണിച്ചുകൊടുത്തതായി ജൂറി വിലയിരുത്തി.

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*