തൊഴിൽ, വിസ തട്ടിപ്പുകൾക്കെതിരേ ക്യാംപസുകളിൽ ബോധവത്കരണം

തിരുവനന്തപുരം: തൊഴിൽ, വിസ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോർക്ക റൂട്‌സിന്‍റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളസഭയിൽ പറഞ്ഞു. ഇത് കൂടുതൽ ആളുകളിലേക്കും തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് പരിഗണിക്കും.

ലോക കേരളസഭാംഗങ്ങൾ, സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നൽകണം. പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളിൽ ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്‍റെ അഭാവം പ്രവാസികൾക്ക് വെല്ലുവിളി ഉയർത്താറുണ്ട്. വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളിൽ പ്രിന്‍റ്, ഓഡിയോ വിഷ്വൽ മാധ്യമങ്ങൾ മുഖേന നോർക്ക റൂട്‌സ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

നഴ്‌സിംഗ് കോളെജുകൾ മുഖേന ജില്ലാതലത്തിൽ പ്രീ-ഡിപ്പാർച്ചർ ഓറിയന്‍റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യുഎഇ ഒഴികെയുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യൻ എംബസി വെബ്‌സൈറ്റുകളിൽ മാറിവരുന്ന നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്.

ഈ പോരായ്മ പരിഹരിക്കുന്നതിനു വിദേശ സർവകലാശാലകൾ, കോഴ്‌സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ അതതു സമയങ്ങളിൽ നോർക്കാ റൂട്‌സിന്‍റെയും ലോക കേരള സഭയുടെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*