ചെത്തിക്കുളം ടൂറിസം പദ്ധതി: മൂന്നാംഘട്ടം പൂർത്തിയായി

കോട്ടയം :അയർക്കുന്നം നാഞ്ഞിലത്ത് പടി ചെത്തിക്കുളം ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതായി അയർക്കുന്നം വികസനസമിതി. നടപ്പുവഴി മാത്രമായിരുന്ന പദ്ധതി പ്രദേശത്തേക്കുള്ള റോഡ് 5 മീറ്റർ വീതിയിൽ നിർമിക്കുകയും കരിങ്കൽ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുകയും ചെയ്തു. മടക്കൽ തോട്ടിലും മുഴയ്ക്കൽ തോട്ടിലും രണ്ട് പാലങ്ങൾ നിർമിച്ച് ഇന്റർലോക്ക് ഇടുന്ന നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികൾക്ക് ഇരുന്ന് വിശ്രമിക്കുന്നതിനായി ഹട്ട് നിർമിച്ചതോടെ ആണ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഒന്നരക്കോടി രൂപയും ബ്ലോക്ക് പഞ്ചായത്ത് മെംബർ ലിസമ്മ ബേബിയുടെ 10 ലക്ഷം രൂപയും, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോയ്‌സ് കൊറ്റത്തിലിന്റെ ഫണ്ടിൽനിന്നുള്ള 6 ലക്ഷം രൂപയും ചേർത്താണു പദ്ധതിയുടെ ഇതുവരെയുള്ള പൂർത്തീകരണം. ഇനി ലഘു ഭക്ഷണ ശാലകൾ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവയും കുട്ടവഞ്ചി, നാടൻ വള്ളങ്ങൾ എന്നിവയടങ്ങുന്ന നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുമാണ് അയർക്കുന്നം വികസന സമിതിയുടെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ടു ഒരുകോടി 11 ലക്ഷം രൂപയുടെ പുതിയ എസ്‌റ്റിമേറ്റ് ചാണ്ടി ഉമ്മൻ എംഎൽഎ വഴി മുഹമ്മദ് റിയാസിനു വികസന സമിതി സമർപ്പിച്ചിട്ടുണ്ട്. ടൂറിസം വികസിക്കുന്ന മുറയ്ക്ക് തദ്ദേശവാസികൾക്കും ടൂറിസത്തിൻ്റെ ഭാഗമായി ഹോം‌സ്റ്റേകൾ, ചെറുകിട റിസോർട്ടുകൾ, നാട്ടുചന്ത എന്നിവയിലൂടെ വരുമാനം മാർഗം കണ്ടെത്താൻ കഴിയുമെന്നും വികസന സമിതി പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*