
നടനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ 50 വർഷ കാലത്തെ കഥാപ്രസംഗ പാരമ്പര്യമുള്ള പ്രതിഭയാണ് വിടപറഞ്ഞ അയിലം ഉണ്ണികൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗമാണ്.
സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെയും കഥാപ്രസംഗങ്ങൾ കേട്ടിരുന്ന അയിലം ഉണ്ണികൃഷ്ണന് കാഥികനാകാനായിരുന്നു ആഗ്രഹം. അങ്ങിനെയാണ് അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മണമ്പൂർ ഡി.രാധാകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. പിന്നീട് വർക്കല എസ്എൻകോളേജിൽ പഠിക്കുമ്പോഴാണ് കഥാപ്രസംഗത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ വർഷം തന്നെ 42 കഥകളാണ് അവതരിപ്പിച്ചത്. രക്തപുഷ്പം എന്ന കഥയാണ് ആദ്യമായി അവതരിപ്പിക്കുന്നത്.
കേരള സംസ്ഥാന പുരസ്കാരം, സാംബശിവൻ പുരസ്കാരം, കെടാമംഗലം പുരസ്കാരം, പറവൂർ സുകുമാരൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചെമ്പഴന്തി കോളജിലെ സഹപാഠിയായിരുന്ന സന്താനവല്ലിയെ ആണ് അയിലം ഉണ്ണികൃഷ്ണൻ ജീവിത സഖിയാക്കിയത്. രാജേഷ് കൃഷ്ണ , രാഗേഷ് കൃഷ്ണ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് നടക്കും. മൂത്തമകൻ വിദേശത്ത് ആയതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ചൊവ്വാഴ്ച ഭാരത് ഭവനിലും പാങ്ങപ്പാറയിലെ വസതിയിലും പൊതുദർശനം.
Be the first to comment