ആഗോളശ്രദ്ധ നേടിയ രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ സഞ്ചാരികളെ കാത്ത് തയാറാണ്. പുതുതായി സജ്ജമായ അയോധ്യ നഗരത്തിലേക്ക് വരും മാസങ്ങളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടുകൂടി രാജ്യം ഉറ്റുനോക്കുന്ന നഗരമായി അയോധ്യ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച പ്രതിഷ്ഠാ ചടങ്ങിൽ വിദേശ പ്രതിനിധികള്‍ക്ക് പുറമെ കലാ – സാംസ്‌കാരിക – സാമൂഹിക – കായിക മേഖലയില്‍ നിന്നുള്ളവരുൾപ്പടെ എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്.
പിടിഐ റിപ്പോർട്ട് പ്രകാരം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി, അയോധ്യ നഗരത്തിന്റെ നവീകരണത്തിനും പുനർവികസനത്തിനുമായി ഏകദേശം 85,000 കോടി രൂപയാണ് ചെലവഴിച്ചത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുഖം മിനുക്കലാണ് അയോധ്യയിൽ നടന്നത്. 35 പുതിയ ഹോട്ടലുകള്‍, 600 ഹോം സ്റ്റേകള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയില്‍വേ സ്റ്റേഷന്‍, വിശാലമായ റോഡുകള്‍, അലങ്കരിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിശാലമായ നഗരമാണ് അയോധ്യയിപ്പോൾ. പ്രതിഷ്ഠാ ദിനം കഴിഞ്ഞ് ക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്റെ വരുമാനത്തിലെക്ക് ഏഴ് ശതമാനം മാത്രമാണ് വിനോദസഞ്ചാര മേഖലയുടെ സംഭാവന. മറ്റ് വികസിത, വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനം വരെ താഴെയാണ് ഈ കണക്ക്. അയോധ്യ നവീകരണത്തിലൂടെ ഉത്തർപ്രദേശ് സർക്കാരിന് 25,000 കോടി രൂപയുടെ നികുതി വരുമാനമാണ് ലഭിക്കാൻ പോകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇവിടെ നിന്നും ജനുവരി 10 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാണ് നിലവിൽ ഒന്നാം ഘട്ടത്തിലുള്ളത്. 2025ഓടെ ഇത് 60 ലക്ഷത്തിലേക്ക് ഉയർത്തും. ഒപ്പം, പ്രതിദിനം 60,000 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് അയോധ്യയിലെ റെയിൽവെയുടെ നവീകരണം.
നിലവിൽ അയോധ്യയിൽ 590 മുറികളുള്ള 17 ഹോട്ടലുകളാണുള്ളത്. പുതിയ 73 ഹോട്ടലുകളാണ് നിർമ്മാണ പദ്ധതിയിലുള്ളത്, ഇതിൽ 40 എണ്ണവും ഇപ്പോൾ നിർമ്മാണത്തിലാണ്. പുതുതായി 1000 ഹോട്ടൽ മുറികൾ അയോധ്യയിൽ തുടങ്ങാനാണ് ഓയോയുടെ പദ്ധതി. സഞ്ചാരികളുടെ കുത്തൊഴുക്കോടെ അയോധ്യയിലും ഉത്തർ പ്രദേശിലും വൻതോതിലുള്ള നികുതി വരുമാനം നിറയുമെന്നാണ് വിലയിരുത്തൽ, ഇതോടൊപ്പം വരും വർഷങ്ങളിൽ മക്കയ്ക്കും വത്തിക്കാനിനും സമാനമായ ഒരു ആഗോള വിനോദസഞ്ചാര നഗരമായി അയോധ്യ മാറുമെന്നാണ് പ്രതീക്ഷ.
Be the first to comment