ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആമിയുടെ ജനനത്തോടെ വിജയം കണ്ടത്

ലണ്ടൻ :സഹോദരിയിൽ നിന്നും ലഭിച്ച ഗർഭപാത്രത്തിൽ ആദ്യകുഞ്ഞിന് ജന്മം നൽകി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്.

നോർത്ത് ലണ്ടനിൽ താമസിക്കുന്ന സ്കോട്ടിഷ് യുവതി ഗ്രേയ്‌സിനും ആൻഗസിനുമാണ് സഹോദരി എയ്മിയിൽ നിന്നും ലഭിച്ച ഗർഭപാർത്രത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഭാഗ്യമുണ്ടായത്.

2023ലായിരുന്നു ഗ്രേയ്‌സ് ഡേവിഡ്സൺ എന്ന യുവതി സഹോദരിഎയ്മിയിൽ നിന്നും ഗർഭപാത്രം സ്വീകരിച്ചത്. ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ രാജ്യത്തെ 15 ക്ലിനിക്കൽ ട്രയലുകളിൽ ഒന്നായിരുന്നു ഇത്. എല്ലാം വിജയകരമായി പരിണമിച്ചതോടെ ഫെബ്രുവരിയിൽ ഗ്രേയ്‌സ് തന്റെ കുഞ്ഞിന് ജന്മം നൽകി. ഗർഭപാത്രം സമ്മാനിച്ച സഹോദരിയുടെ പേരുതന്നെയാണ് അവർ കുഞ്ഞിന് നൽകിയത്- എയ്മി.

ഈ വിവരങ്ങൾ ഒന്നും പുറത്തു പറയാതിരുന്ന ദമ്പതിമാർ എല്ലാം ശുഭകരമായി ഭവിച്ചതോടെയാണ് ബിബിസി വഴി ഈ സന്തോഷവാർത്ത ലോകത്തോടു പങ്കുവച്ചത്. രണ്ടു മക്കൾ ഉണ്ടായ ശേഷമായിരുന്നു എയ‌ി സഹോദരിക്കായി തൻ്റെ ഗർഭപാത്രം ദാനം ചെയ്ത‌ത്.

2014ലാണ് ലോകത്ത് ആദ്യമായി മാറ്റിവച്ച ഗർഭപാത്രത്തിൽനിന്നും ഒരു കുഞ്ഞു ജനിച്ചത്. സ്വീഡനിലായിരുന്നു മെഡിക്കൽ രംഗത്തെ ഈ അത്ഭുത വിജയം. അതിനുശേഷം സമാനമായ 135 വിജയകഥകൾ ലോകത്തുണ്ടായി. അമേരിക്ക, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ടർക്കി എന്നീ രാജ്യങ്ങളിൽ ഇപ്പോൾ വിജയകരമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ഈ ഗണത്തിലേക്കാണ് ബ്രിട്ടനും അണിചേരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*