എറണാകുളം : അയർലൻഡിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടൻ. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ പുതിയ മേയറായാണ് അങ്കമാലി സ്വദേശി ചരിത്രം രചിച്ചത്. അയർലൻഡിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ സ്ഥാനത്തേക്ക് എത്തുന്നത്.
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ നിന്നാണ് ഭരണകക്ഷിയായ ഫിൻഗേൽ പാർട്ടിയുടെ സ്ഥാനാർഥിയായി ബേബി പെരേപ്പാടൻ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് ബേബി പെരേപ്പാടൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ഇത്തവണത്തെ കൗൺസിൽ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെൻട്രലിൽ നിന്നും വിജയിച്ചിരുന്നു.
അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയറാകുന്നത്. കൗണ്ടി കൗൺസിലിന്റെ ആദ്യ യോഗത്തിൽ മേയറുടെ അധികാര ചിഹ്നങ്ങൾ ബേബി പെരേപ്പാടൻ സ്വീകരിച്ചു. മുൻ മേയർ അലൻ എഡ്ജിൽ നിന്നുമാണ് ബേബി പെരേപ്പാടൻ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചത്. വിജയിച്ച കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു.
അയർലൻഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബേബി പെരേപ്പാടനെതിരെ വംശീയാധിക്ഷേപമുണ്ടായതടക്കം വാർത്തയായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി – പുളിയനം സ്വദേശിയാണ് ബേബി പെരേപ്പാടൻ. ഇരുപത് വർഷം മുമ്പ് അയർലൻഡിലേയ്ക്ക് കുടിയേറിയ അദ്ദേഹം അയർലൻഡിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് നേരത്തേ തന്നെ പരിചിത മുഖമാണ്.
ഭാര്യ ജിൻസി മാത്യു ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. മകൻ ബ്രിട്ടോയെ കൂടാതെ ഡെന്റൽ മെഡിസിൻ വിദ്യാർഥിയായ ബ്രോണ മകളാണ്. ബേബി പെരേപ്പാടന്റെയും മകന്റെയും അഭിമാനാർഹമായ നേട്ടത്തിൽ, ഫിൻഗേൽ പാർട്ടി നേതാവും അയർലൻഡ് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
Be the first to comment