സര്‍ക്കാരിന് തിരിച്ചടി; മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാഷ്ട്രപതി

ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടയില്‍ ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതായി രാജ്ഭവന്‍.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി നല്‍കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചില്ലെന്ന പ്രസ്താവനയാണ് രാജ്ഭവന്‍ പുറത്ത് വിട്ടത്. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയുന്ന ബിൽ) അടങ്ങുന്ന ബിൽ 2022, സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022, സര്‍വകലാശാല ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത്.

ഇവ കൂടാതെ ഏഴ് ബില്ലുകളാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വേണ്ടി സമര്‍പ്പിച്ചത്.  മൂന്ന് ബില്ലുകളിലെ തീരുമാനം ഇനിയും വരാനുണ്ടെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്.  ലോക്പാല്‍ ബില്ലിന് സമാനം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ബില്ലില്‍ ഒപ്പുവച്ചിരിക്കുന്നത്.  ഇതോടെ, സംസ്ഥാനം ലോകായുക്ത അഴിമതിക്കേസില്‍ പ്രതിയാണെന്ന് വിധിച്ചാല്‍ ജനപ്രതിനിധികള്‍ക്ക് രാജിവയ്ക്കേണ്ടിവരില്ല. ലോകായുക്ത ബില്ലില്‍ സര്‍ക്കാരിന് ആശ്വസിക്കാമെങ്കിലും സുപ്രധാനമായ മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ചത് തിരിച്ചടിയാകും.

അതേസമയം.  സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.  തുടര്‍ന്നാണ് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*