ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളിലായി നാലുപേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു.

സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്. ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവര്‍ത്തകരായിരുന്നു എന്നും രാഷ്ട്രീയ പശ്ചാത്തലം നോക്കിയാണ് നാമനിര്‍ദേശം ചെയ്തതെന്നുമായിരുന്നു പ്രധാന ആരോപണം.

ആര്‍ട്‌സ് മേഖലയിലോ കലോത്സവങ്ങളിലോ പ്രാവീണ്യമോ സമ്മാനങ്ങളോ നേടിയവരെയാണ് സാധാരണ വിദ്യാര്‍ത്ഥി പ്രതിനിധികളായി നാമനിര്‍ദേശം ചെയ്യാറുള്ളത്. എന്നാല്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ളവരായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല സമര്‍പ്പിച്ച പട്ടികയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്തു കൊണ്ടാണ് ഇവരെ പരിഗണിക്കാതിരുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

ഇത്തരത്തില്‍ നിമനിര്‍ദേശം ചെയ്യുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശമില്ലെന്നും അതിനാല്‍ സ്വന്തം നിലയില്‍ തനിക്ക് നാമനിര്‍ദേശം ചെയ്യാന്‍ അധികാരമുണ്ടെന്നുമാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. സര്‍വകലാശാല നല്‍കിയ പട്ടികയിലുള്ള കുട്ടികളേക്കാള്‍ എന്ത് അധിക യോഗ്യതയാണ് നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നാമനിര്‍ദേശം ചെയ്ത കുട്ടികളുടെ യോഗ്യതകള്‍ അടക്കമുള്ളവ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നടത്താന്‍ ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഉത്തരവിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*