ഗുരുതര അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ആഗോളതലത്തില്‍ പടരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഹൈപ്പര്‍വൈറലന്‌റ് സൂപ്പര്‍ബഗിന്‌റെ അപകടകരമായ വകഭേദങ്ങള്‍ അമേരിക്ക ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഹൈപ്പര്‍വൈറലന്‌റ് ക്ലെബ്‌സിയെല്ല ന്യുമോണിയെ എന്നറിയപ്പെടുന്ന സൂപ്പര്‍ബഗ്, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനമുള്ള ആളുകളില്‍പ്പോലും അതിവേഗം പുരോഗമിക്കാവുന്നതും മാകരമകമായ അണുബാധകള്‍ക്ക് കാരണമാകുന്നതും മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ബാക്ടീരിയയാണ്.

മണ്ണിലും വെള്ളത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും തൊണ്ടയിലും ദഹനനാളത്തിലും ക്ലെബ്‌സിയെല്ല ന്യുമോണിയെ കാണാം. രോഗാണുവിന്‌റെ ക്ലാസിക് പതിപ്പ് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ ഗുരുതര പ്രശ്‌നമാണ്. ഇത് ചികിത്സാ ഉപകരണങ്ങളെ മലീമസമാക്കുകയും പ്രതിരോധശേഷി കുറഞ്ഞ അളുകളില്‍ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ന്യുമോണിയ, മൂത്രത്തിലെ അണുബാധ, രക്തത്തിലെ അണുബാധ, നാഡീവ്യവസ്ഥയിലെ അണുബാധയായ മെനിഞ്‌ജൈറ്റിസ് എന്നിവയ്ക്ക് ഇത് കാരണമാകുന്നു.

ആംപിസിലിന്‍ ആന്‌റിബയോട്ടിക്കിനെ ഇത് സഹജമായി പ്രതിരോധിക്കും. അടുത്തിടെയായി കൂടുതല്‍ മരുന്നുകളോട് ഇവ പ്രതിരോധം നേടിയിട്ടുണ്ട്. ഹൈപ്പര്‍വൈറലിന്‌റെ പുതിയ ഇനമായ ക്ലെബ്‌സിയെല്ല ന്യുമോണിയെ ഗുരുതര ഭീഷണി ആരോഗ്യരംഗത്ത് സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനമുള്ള ആളുകളില്‍പ്പോലും ഇത് അണുബാധയ്ക്ക് കാരണമാകുന്നുണ്ട്. മിനിസോട്ട യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സിഡ്‌റാപ് വാര്‍ത്ത അനുസരിച്ച് ഈ അണുബാധ വളരെ വേഗത്തില്‍ പുരോഗമിക്കും.

ഇത് സങ്കീര്‍ണതകള്‍ക്കും മരണത്തിനും കാരണമാകുകയും ചെയ്യും. 1980കളില്‍ ഏഷ്യയില്‍ ഹൈപ്പര്‍വൈറലന്‌റ് ക്ലെബ്‌സിയെല്ല ന്യുമോണിയെ വകഭേദം കണ്ടെത്തിയപ്പോള്‍ ആന്‌റിബയോട്ടിക്കുകള്‍ ഫലപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവ ആഗോളതലത്തില്‍ വ്യാപിച്ചപ്പോള്‍ പുതിയ ആന്‌റിബയോട്ടിക്കുകളെ ഉള്‍പ്പെടെ പ്രതിരോധിക്കാനുള്ള ശേഷി ഇവ നേടി. ബാക്ടീരിയല്‍ അണുബാധകള്‍ ചികിത്സിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന കാര്‍ബെപെനംസിനെതിരെയും ഈ വകഭേദം പ്രതിരോധശേഷി ആര്‍ജിച്ചിട്ടുള്ളതായി പഠനങ്ങള്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*