‘മോണ്‍സ്റ്ററി’ന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലെസ്ബിയന്‍, എല്‍ജിബിടി ഉള്ളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ചിത്രത്തിന് യുഎഇ ഒഴികെയുള്ള രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇതാ ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസത്തിന് വക നല്‍കുന്ന ഒരു വിവരമാണ് പുറത്തുവരുന്നത്. 

ജിസിസി രാജ്യമായ ബഹ്‌റൈന്‍ ചിത്രത്തിന്റെ വിലക്ക് പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ 13 മിനിട്ട് ഉള്ളടക്കം ഒഴിവാക്കിയാണ് ബഹ്‌റൈന്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. രാജ്യത്ത് മോണ്‍സ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 

മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമാണ് മോണ്‍സ്റ്റര്‍ എത്തുന്നത്. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആശീര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. 

ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Be the first to comment

Leave a Reply

Your email address will not be published.


*