നിയമസഭാ മാര്‍ച്ചിനിടയിലെ സംഘര്‍ഷം: രാഹുല്‍ മാങ്കൂട്ടത്തിലിനും പി കെ ഫിറോസിനും ജാമ്യം

നിയമസഭാ മാര്‍ച്ചിനിടയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് എന്നിവര്‍ക്ക് ജാമ്യം. ആകെ 37 യുഡിവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ജയിലിലായിരുന്നു.

യുഡിഎഫ് പ്രവര്‍ത്തകര്‍ 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ പണം കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞു. പാസ്‌പോര്‍ട്ടുള്ള പ്രതികള്‍ മൂന്നുദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പിന്നാലെ സര്‍ക്കാര്‍- ആര്‍എസ്എസ് ബന്ധം ആരോപിച്ച് സഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. രാഹുലിനേയും ഫിറോസിനേയും കൂടാതെ കാര്യറ നസീര്‍, ടിപിഎം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, മിസ്ബഹ് കീഴരിയൂര്‍, ഉല്ലാസ് കോവൂര്‍, യൂസുഫലി മടവൂര്‍, വിഷ്ണു, അസ്ലം ചവറ, ജുബൈര്‍ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്‌നീദ് തലശ്ശേരി തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*