ബി ജെ പിയ്ക്ക് തിരിച്ചടി; മധ്യപ്രദേശിൽ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് -ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിൽ ലയിച്ചത്.

ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയായ ബജ്റങ് സേന കൺവീനർ രഘുനന്ദൻ ശർമ തൽസ്ഥാനം രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിമുതൽ കോൺഗ്രസിന്റെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശർമയുടെ സാന്നിധ്യത്തിൽ ബജ്റങ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. ലയന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ബജ്റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികൾക്കുമൊപ്പം ദീപക് ജോഷിയും സന്നിഹിതനായിരുന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കെയാണ്, അദ്ദേഹം വഴിയാണ് ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചതെന്ന റിപ്പോർട്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*