കോട്ടയത്തെ ബേക്കറിയില്‍നിന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: ബേക്കറിയിലെ വില്‍പ്പനത്തുകയില്‍ തിരിമറി നടത്തി 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ (27)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്ത് അറസ്റ്റുചെയ്തത്. ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ ബ്രാഞ്ച് മാനേജരായിരുന്നു. 

സാധനങ്ങൾ വിൽക്കുന്നയിനത്തിൽ ആളുകൾ നൽകുന്ന പണം കമ്പനിയുടെ ഗൂഗിൾ പേ അക്കൗണ്ട് മറച്ചു വെച്ച് ഇയാളുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ക്യുആർ കോഡ് മുഖേന ട്രാൻസ്ഫർ ചെയ്തെടുത്താണ് തട്ടിപ്പ് നടത്തിയത്. കൂടാതെ ബേക്കറി സാധനങ്ങൾ ബില്ലിൽ ചേർക്കാതെ വിൽപ്പന നടത്തിയും, കമ്പനി രേഖകളിൽ തുക കുറച്ചുകാണിച്ച് വ്യാജ കണക്കുകളുണ്ടാക്കിയും പണം തട്ടിയെടുത്തതായി പറയുന്നു.

ബേക്കറി ഉടമയുടെ പരാതിയിൽ കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ജീവനക്കാരൻ തിരിമറി നടത്തി പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. എസ്.ഐ. എം.എച്ച്. അനുരാജ്, എം.പി. സജി, പി.എസ്. അൻസാരി, സി.പി.ഒ.മാരായ ഗ്രേസ് മത്തായി, അനൂപ് വിശ്വനാഥ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡു ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*