സംഗീതം എന്ന മൂന്നക്ഷരം ജീവവായുവായി കൊണ്ടുനടന്ന ബാലഭാസ്കറിന്റെ ഓർമ്മകൾക്ക് അഞ്ചാണ്ട്. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ.
പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടായിരുന്നു. കാരണം ബാലഭാസ്കർ എന്ന ഓർമ്മതന്നെ വയലിനുമായി നിൽക്കുന്ന ബാലഭാസ്കറിന്റെ മുഖമാണ്. മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജിവിതത്തിന്റെ ഭാഗമായി. വേദികളിൽ ബാലു വയലിൻ കൊണ്ട് ഇന്ദ്രജാലം തീർക്കുമ്പോൾ അതിൽ ലയിച്ച് നിർവൃതികൊണ്ടിരിക്കുന്ന മുഖങ്ങൾ പതിവ് കാഴ്ചയായിരുന്നു.
എത്ര സങ്കീർണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്കർ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു.
ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്കുള്ള യാത്ര അവസാനിപ്പിച്ച് വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയപ്പോൾ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്.
Be the first to comment