ഹസീനയെ തുറുങ്കിലടക്കുക ലക്ഷ്യം, ഇന്ത്യയുടെ മറുപടിക്കായി ബംഗ്ലാദേശിൻ്റെ കാത്തിരിപ്പ്; വീണ്ടും കത്തയക്കുമെന്ന് വിദേശകാര്യ മന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ്. ഇനിയും ഇന്ത്യ പ്രതികരിക്കുന്നില്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുമെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ദില്ലിയിലാണ് കഴിയുന്നത്. ഇവർ വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

നിലവിലെ കുറ്റവാളി കൈമാറ്റ ഉടമ്പടി ഇന്ത്യ പാലിക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കും, മന്ത്രിസഭാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ഇടക്കാല സര്‍ക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ കേസുകളിൽ വിചാരണ നടക്കാനിരിക്കെ, ഷെയ്ഖ് ഹസീനയെ തുറുങ്കിലടക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ബംഗ്ലാദേശ് സർക്കാർ മുന്നോട്ട് പോകുന്നത്. ഹസീനയെ ബംഗ്ലാദേശിൽ തിരിച്ചെത്തിക്കുമെന്ന് ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ് നേരത്തെ പറഞ്ഞിരുന്നു. ഈയടുത്ത് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ ബംഗ്ലാദേശ് സന്ദർശനത്തിൽ മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*