
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ ഇന്ത്യ നീട്ടിയതായി സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശിലെ ഇടക്കാല ഗവണ്‍മെന്റില്‍ നിന്ന് അവളെ വിട്ടുകിട്ടണമെന്ന ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ നയതന്ത്ര കുറിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട 77 കാരിയായ ഹസീന ഓഗസ്റ്റ് 5 മുതല്‍ ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുകയാണ്.
ധാക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) ഹസീനയ്ക്കും മുന്‍ കാബിനറ്റ് മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നടപടി. നീതിന്യായ പ്രക്രിയയ്ക്കായി ഹസീനയെ തിരികെ കൊണ്ടുവരാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നല്‍കിയ നയതന്ത്ര കുറിപ്പില്‍ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈന്‍ പറഞ്ഞിരുന്നു.
ഹസീനയെ ഇന്ത്യയില്‍ നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്റെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും അറിയിച്ചു.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലുണ്ടെന്നും ആലം വ്യക്തമാക്കിയിരുന്നു. ഈ നയതന്ത്രക്കുറിപ്പ് നിലനില്‍ക്കെയാണ് ഷെയ്ഖ് ഹസീനയുടെ വിസ ഇന്ത്യ നീട്ടിനല്‍കിയത്.
Be the first to comment