മദ്യശാലകൾക്കും വേണ്ടേ ഒരു ‘സ്റ്റാറ്റസ്’ ഒക്കെ…

സിറ്റിസൺ ന്യൂസ് ലേഖകൻ

തിരുവനന്തപുരം: മദ്യപിക്കാനോ മദ്യം വാങ്ങാനോ എത്തുന്നവരുടെ ‘സ്റ്റാറ്റസ്’ എന്തായാലും ചെന്നെത്തുന്നിടം ‘തറ’യായിരിക്കും. കേരളത്തിലെ മദ്യവിൽപന ശാലകളുടെയും കള്ള് ഷാപ്പുകളുടെയും നിലവാരം തീർത്തും ശോചനീയമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് ഇൻഡ്യൻ നിർമിത വിദേശമദ്യം. സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഈ മദ്യവിൽപനയിലൂടെയാണ്. എന്നിട്ടും ആവശ്യത്തിന് സൗകര്യങ്ങളും വൃത്തിയുമുള്ള വിൽപനശാലകൾ ഇല്ല. ഒരു ഉൽപ്പന്നത്തിന് ഏറ്റവും കൂടുതൽ നികുതി സർക്കാരിന് നൽകുന്ന പൗരനെ രണ്ടാം തരക്കാരനായി കാണുന്ന സർക്കാർ നയം തിരുത്തപ്പെടണമെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടും ഇക്കാര്യം സർക്കാർ അത്ര ഗൗരവമായെടുത്തിട്ടില്ല.
ബാറുകളിലെ സ്ഥിതിയും വിഭിന്നമല്ല. നിലവിൽ ഫോർ സ്റ്റാർ ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകുന്നത്. ഫോർ സ്റ്റാർ ഹോട്ടലിലെ നിരക്ക് താങ്ങാനാകാത്ത സാധാരണക്കാരായ മദ്യപരെ ആകർഷിക്കാനായി എല്ലാ ഹോട്ടലുകളിലും ‘ലോക്കൽ’ ബാറുകളുണ്ട്. വൃത്തിയും വേണ്ടത്ര സൗകര്യങ്ങളുമില്ലാത്തവയാണ് ഈ ‘ലോക്കൽ’ ബാറുകൾ.
കള്ളുഷാപ്പുകളുടെ കാര്യം പറയുകയേ വേണ്ട. ടൂറിസം മേഖലയിൽ ഉണർവ്വ് വീണ്ടെടുത്തതോടെ കള്ള് ഷാപ്പുകൾക്കും പ്രസക്തിയേറി. കേരളത്തിൻ്റെ തനത് മദ്യം (പാനീയം) വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പോന്നതുതന്നെ. പക്ഷേ അവർക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ അത് നൽകണം. നമ്മുടെ കള്ള് ഷാപ്പുകളുടെ കെട്ടും മട്ടും മാറണം. വൃത്തി ഉണ്ടാകണം.
നൽകുന്ന കള്ള് ശുദ്ധമാകണം. മായം കലർന്ന കള്ള് സഞ്ചാരികൾക്ക് നൽകിയാൽ ടൂറിസം മേഖലയിൽ നാം ആർജിച്ച സൽപ്പേരിന് കളങ്കമുണ്ടാകും. ഷാപ്പിലെ ഭക്ഷണത്തിന് പ്രത്യേക ആകർഷണീയതയുണ്ട്. പക്ഷേ പഴകിയ ഭക്ഷണം ചൂടാക്കി നൽകി സഞ്ചാരികളെ ഷാപ്പിൽ നിന്ന് അകറ്റരുതെന്നു മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*