സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ കൊച്ചി യൂണിറ്റ് എസ്പി എ ഷിയാസ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, രമേശ് ചെന്നിത്തല, ജോസ് കെ മാണി എന്നിവര്‍ക്ക് ബാര്‍ കോഴക്കേസില്‍ ഉള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎല്‍ ജേക്കബ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് സിബിഐ സത്യവാങ്മൂലം.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനമന്ത്രി കെ എം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്നതായിരുന്നു ബാര്‍ കോഴക്കേസ്. എന്നാല്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രിയായിരുന്ന വി. എസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കും അന്നു പണം നല്‍കിയതായി കഴിഞ്ഞ ഒക്ടോബര്‍ 18,19,20 തീയതികളില്‍ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. 2014 ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് ആരോപണങ്ങളാണ ഉയര്‍ന്നിട്ടുള്ളത് എന്നാണ് സിബിഐ നിലപാട്.
സര്‍ക്കാര്‍ നയമാറ്റത്തോടെ അടച്ചിട്ട സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ കോഴ നല്‍കി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. എക്‌സൈസ് മന്ത്രി കെ ബാബു, രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാര്‍ എന്നിവര്‍ക്ക് വന്‍ തുക നല്‍കിയെന്നായുരുന്നു പ്രധാന വെളിപ്പെടുത്തല്‍. ഇതിനൊപ്പം അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചു എന്ന് ആരോപണമുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ബാര്‍ ഉടമയായ ബിജു രമേശ് മാധ്യമങ്ങളോടു നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. ആരോപണ വിധേയര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ ആയതിനാല്‍ പൊലീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം ഫലപ്രദമാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലും പിന്നീട് സുപ്രിംകോടതിയെയും സമീപിച്ചത്.
Be the first to comment