തൃശൂര്‍: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടു നടക്കുന്നത് കുപ്രചാരണങ്ങളാണെന്ന് സംഘാടകരായ മൃദംഗ വിഷന്‍ പ്രൊപ്പറേറ്റര്‍ നികോഷ് കുമാര്‍. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ അനുമതിയും വാങ്ങിയാണു പരിപാടി നടത്തിയത്. കുട്ടികളില്‍നിന്ന് സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല. 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും നികോഷ് കുമാര്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ അവിടെ എംഎല്‍എയ്‌ക്കൊരു അപകടം സംഭവിച്ചു. അതില്‍ ഖേദിക്കുന്നു. എന്നാല്‍, 12,000 കുടുംബങ്ങള്‍ പല രാജ്യങ്ങളില്‍നിന്ന് വിമാനങ്ങളിലടക്കം എത്തിയവരുണ്ട്. അവരെ മടക്കി അയയ്ക്കാന്‍ കഴിയുമായിരുന്നില്ല. കമ്പനിക്ക് ഭീമമായ തുക നഷ്ടം വരും. അതുകൊണ്ടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിപാടി മാത്രം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയായിരുന്നു നിശ്ചയിച്ചിരുന്നത്. അത് ഉപേക്ഷിച്ചു. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പരിപാടി അവസാനിപ്പിച്ചുവെന്നും നികോഷ് കുമാര്‍ പറഞ്ഞു.
ഓരോ കുട്ടികള്‍ക്കും വ്യക്തിപരമായി ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു.
ഞങ്ങള്‍ക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണ്. എല്ലാ പണ ഇടപാടും നടന്നത് ബാങ്ക് വഴിയാണ്. മൂന്നര കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. കുട്ടികളുടെ കൂടി 10 ലക്ഷത്തോളം ചെലവായിട്ടുണ്ട്. 24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കൈമാറി. ജിഎസ്ടി കിഴിച്ചുള്ള കണക്കാണ് 3.56 കോടി രൂപ. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ്ടി കിഴിച്ച് ഒരാളില്‍നിന്ന് 2,900 വാങ്ങി. അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടും. 1,600 രൂപ വാങ്ങിയ കണക്ക് ഞങ്ങള്‍ക്ക് അറിയില്ല. ടീച്ചര്‍മാരാണ് അത് കൈകാര്യം ചെയ്തത്. 500 ടീച്ചര്‍മാരാണ് ഉണ്ടായിരുന്നത്. 3500 രൂപ ഞങ്ങളിലേക്ക് ഓണ്‍ലൈനായി അടയ്ക്കുകയായിരുന്നു ടീച്ചര്‍മാരുടെ ഉത്തരവാദിത്തം. കോറിയോഗ്രാഫി ചെയ്ത രണ്ട് നൃത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ സിഡിയും സാരിയുമായിരുന്നു നല്‍കാമെന്ന് ഏറ്റിരുന്നത്. അവിടെയത്തുന്നവര്‍ക്കുള്ള സ്‌നാക്‌സും വെള്ളവും ഫ്രൂട്ടിയും മാത്രം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം നല്‍കിയിരുന്നു. വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 4500 രൂപയാണ് ഈടാക്കിയത്. 145 പേരാണ് ഇത്തരത്തില്‍ വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തത്.
ദിവ്യ ഉണ്ണി അടക്കമുള്ള കലാകാരികള്‍ പ്രതിഫലം വാങ്ങിയാണ് എത്തിയത്. പ്രതിഫലത്തുകയെക്കാള്‍ കലയോടുള്ള താല്‍പ്പര്യമാണ് ദിവ്യ ഉണ്ണിയെ ഇത്തരമൊരു പരിപാടിയിലേക്ക് ആകര്‍ഷിച്ചത്. പൊലീസ് സുരക്ഷയുടെ മേല്‍നോട്ടം മറ്റൊരാള്‍ക്കായിരുന്നു. എത്ര പൊലീസ് ഉണ്ടായിരുന്നു എന്ന് അറിയില്ല. മതിയായ ആളുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അവരുടെ കൂടി സഹായത്തോടെയാണു പരിപാടി ഭംഗിയായി നടന്നതെന്നും നികോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുമ്പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അനുമതിയും തേടിയിട്ടുണ്ട്. അന്താരാഷ്ട്ര സ്‌റ്റേഡിയവും സൗകര്യങ്ങളുമാണുണ്ടായിരുന്നത്. കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പെര്‍മിഷന്‍ കാര്യങ്ങള്‍ നോക്കിയത്. അതിനുള്ള പണം അവര്‍ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ അനുമതിയും അവര്‍ എടുത്തിട്ടുണ്ടെന്നാണ് ഞങ്ങളെ അറിയിച്ചത്.
Be the first to comment