ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകർച്ച

ചെന്നൈ : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ രീതികളിൽ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാനായിരുന്നു ഇരു ക്യാപ്റ്റൻമാരുടെയും തീരുമാനം. ടോസ് ഭാഗ്യം തുണച്ചത് ബംഗ്ലാ ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയെ.

ബൗളിങ് തെരഞ്ഞെടുക്കാനുള്ള ഷാന്‍റോയുടെ തീരുമാനം പിഴച്ചില്ല. 34 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (6), ശുഭ്‌മൻ ഗിൽ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.

നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർ യശസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്. വാഹനാപകടത്തെത്തുടർന്ന് 600 ദിവസം ദീർഘിച്ച ഇടവേളയ്ക്കു ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ഋഷഭ് പന്ത് 52 പന്തിൽ 39 റൺസെടുത്ത് പുറത്തായി.

ഒരു വശത്ത് തകർച്ച കണ്ടെങ്കിലും മറുവശത്ത് ഉറച്ചുനിന്ന് ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത യുവതാരം ജയ്സ്വാൾ 118 പന്തിൽ 56 റൺസെടുത്തു. ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ കെ.എൽ. രാഹുലിനൊപ്പം (52 പന്തിൽ 16) ഒരു രക്ഷാപ്രവർത്തനത്തിനു കൂടി ജയ്സ്വാൾ ശ്രമം നടത്തിയെങ്കിലും ഏറെ നീണ്ടില്ല.

ഇന്ത്യ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം മൂന്നാം സീമറായി ആകാശ് ദീപിനെക്കൂടി ഉൾപ്പെടുത്തിയപ്പോൾ ആർ. അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ.

Be the first to comment

Leave a Reply

Your email address will not be published.


*