വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.

വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.

സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*