
ഐപിഎല്ലിന് പിന്നാലെ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി പുതിയ ലീഗ് ആരംഭിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്‍ മാതൃകയില്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കും സമാനമായ ലീഗ് വേണമെന്ന നിര്‍ദേശവുമായി സീനിയര്‍ താരങ്ങള്‍ ബിസിസിഐയെ സമീപിച്ചെന്നാണ് വിവരം. നിര്‍ദേശം ബിസിസിഐ പരിഗണനയിലെടുത്തെന്നും ഉടനെ തന്നെ ലെജന്‍ഡ്‌സ് പ്രീമിയര്‍ ലീഗ് ആരംഭിക്കാനുള്ള നടപടികള്‍ ജയ് ഷാ അവതരിപ്പിക്കുമെന്നും ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്യങ്ങള്‍ അനുകൂലമാണെങ്കില്‍ പുതിയ ലീഗ് കായിക പ്രേമികളില്‍ ആവേശമുണര്‍ത്തുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ മത്സരരംഗത്ത് ഇല്ലാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, വിരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, എബി ഡി വില്ലിയേഴ്‌സ് തുടങ്ങി ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെല്ലാം വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ്, ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ്, ഗ്ലോബല്‍ ലെജന്‍ഡ്‌സ് ലീഗ്, റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് തുടങ്ങി വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി പല ടൂര്‍ണമെന്റുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. പല ലീഗുകളിലും ഇന്ത്യന്‍ താരങ്ങളുള്‍പ്പടെ പങ്കെടുക്കുന്നുമുണ്ട്.
എന്നാല്‍ ഈ ലീഗുകളെല്ലാം സ്വകാര്യ സ്ഥാപനങ്ങളോ കമ്പനികളോ നടത്തുന്നവയാണ്. ബിസിസിഐ നേരിട്ട് ഇത്തരമൊരു ടൂര്‍ണമെന്റ് തുടങ്ങിയാല്‍ ഐപിഎല്ലിനുള്ളതുപോലെ പ്രശസ്തിയും ആരാധകപിന്തുണയും ഈ ലീഗിനും ഉണ്ടായിരിക്കും.
Be the first to comment