ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി;തിരിച്ചുവരവില്‍ പരാജയം

ഒടുവില്‍ ‘കുസൃതി’കളൊക്കെ മാറ്റിവെച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി.  ദീർഘനാളായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഡി വൈ പാട്ടീല്‍ ടി20 കപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്തതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.  ദേശീയ ടീമിലേക്ക് തിരികെയെത്താന്‍ ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന് മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.  ദ്രാവിഡിന്റെ ഉപദേശത്തിന് ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇഷാന്‍ ഭാഗമായില്ല.

രഞ്ജി ട്രോഫി ഒഴിവാക്കി ഹാർദിക്ക് പാണ്ഡ്യയോടൊപ്പം പരിശീലനത്തിലേർപ്പെടാനാണ് ഇഷാന്‍ തീരുമാനമെടുത്തത്. പരിശീലനത്തിന്റെ വീഡിയോ ഇഷാന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഡി വൈ പാട്ടീല്‍ ടി20 കപ്പില്‍ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടീമിനായാണ് ഇഷാന്‍ ഇറങ്ങിയത്.  റൂട്ട് മൊബൈല്‍ ലിമിറ്റഡ് ടീമിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 19 റണ്‍സ് മാത്രമാണ് ഇഷാന് നേടാനായത്.  മാക്‌സ്‌വെല്‍ സ്വാമിനാഥനെറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിലൂടെ ലോഫ്റ്റ് ചെയ്യാന്‍ ശ്രമിക്കവെയാണ് പുറത്തായത്. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ നാലാം ഓവറില്‍ ഇഷാന്‍ മടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*