ഇലോൺ മസ്കിനെ പിന്തള്ളി; ലോകത്തെ ഏറ്റവും വലിയ ധനികൻ ജെഫ് ബെസോസ്, അംബാനി പതിനൊന്നാമത്

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി തിരിച്ച് പിടിച്ച് ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. ടെസ്‌ല സിഇഒ ഇലോൺ മസ്കിനെ മറികടന്നാണ് നേട്ടം. ബെസോസിൻ്റെ നിലവിലെ ആസ്തി 200 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം മസ്‌കിൻ്റെ മൂല്യം 198 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ടെസ്‌ല സിഇഒയ്ക്ക് ഏകദേശം 31 ബില്യൺ ഡോളർ നഷ്ടമായപ്പോൾ ആമസോൺ സ്ഥാപകൻ 23 ബില്യൺ ഡോളർ നേടി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് ബില്യണയർ സൂചികയിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്.

സൂചികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മസ്‌ക്. ലൂയി വിറ്റൺ, ഡിയോർ, സെലിൻ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് നടത്തുന്ന എൽവിഎംഎച്ച് (എൽവിഎംഎച്ച്എഫ്) സിഇഒ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി 2023 മെയ് മാസത്തിലാണ് ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി മസ്‌ക് സ്വന്തമാക്കിയത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, 197 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് അർനോൾട്ട് ആണ് മൂന്നാം സ്ഥാനത്ത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് (179 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് (150 ബില്യൺ യുഎസ് ഡോളർ) എന്നിവർ തൊട്ടുപിന്നിലുണ്ട്. അതേസമയം അംബാനിയുടെ ആസ്തി 115 ബില്യൺ ഡോളറും അദാനിയുടെത് 104 ബില്യൺ ഡോളറുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*