കാനഡയിൽ നേഴ്സ് ആവാം; അറിയാം, വിശദമായി

ഏതു രാജ്യത്തിലാണെങ്കിലും ജോലി സാധ്യത കൂടുതലുള്ള ഒരു കോഴ്സ് ആണ് നഴ്സിംഗ് ബിരുദം. കാനഡയിലും അവസ്ഥ മറിച്ചല്ലെന്ന് മാത്രമല്ല, അവിടെ ഏറ്റവുമധികം ഡിമാൻഡ് ഉള്ളതും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതുമായ ഒരു പ്രൊഫഷൻ കൂടിയാണ് നഴ്സിംഗ്. വർഷം 60,000 രജിസ്റ്റേർഡ് നഴ്സുമാരുടെ (Registered Nurse – RN) കുറവാണു കാനഡയിൽ ഉള്ളതെന്ന് കനേഡിയൻ നഴ്സിംഗ് അസോസിയേഷൻ വിലയിരുത്തുന്നു. കാനഡയിലെ പ്രൊവിൻസുകളിലെ മിനിമം വേതനം മണിക്കൂറിൽ 15 കനേഡിയൻ ഡോളർ ആണെങ്കിൽ, 27 മുതൽ 49 കനേഡിയൻ ഡോളർ വരെയാണ് ഒരു മണിക്കൂറിൽ നഴ്സുമാർക്ക് കിട്ടുന്നത്.

മൂന്നു തരം നഴ്സിംഗ് ലൈസൻസുകളാണ് കാനഡയിലെ നഴ്സിംഗ് അതോറിറ്റികൾ നൽകുന്നത്.

1) രജിസ്റ്റേർഡ് നേഴ്സ് (Registered Nurse, RN) – പ്ലസ്ടുവിന് ശേഷം 4 വർഷത്തെ കനേഡിയൻ തത്തുല്യ യൂണിവേഴ്സിറ്റി നഴ്സിംഗ് ബിരുദം എടുത്തവർക്കാണ് ജനറൽ RN ആകാൻ യോഗ്യതയുള്ളത്.

2) ലൈസെൻസ്‌ഡ് പ്രാക്ടിക്കൽ നേഴ്സ് (Licensed Practical Nurse, LPN) – പ്ലസ്ടുവിന് ശേഷം രണ്ടുകൊല്ലത്തെ കനേഡിയൻ തത്തുല്യ കോളേജ് ലെവൽ നഴ്സിംഗ് പ്രോഗ്രാം പഠിച്ചവർക്കാണ് LPN രജിസ്‌ട്രേഷനുള്ള യോഗ്യത.

3) രജിസ്റ്റേർഡ് സൈക്കിയാട്രിക് നേഴ്സ് (Registered Psychiatric Nurse, RPN) – കോളേജിലോ യൂണിവേഴ്സിറ്റിയിലോ നിന്നുള്ള 4 വർഷത്തെ കനേഡിയൻ തത്തുല്യ സൈക്കിയാട്രിക് നഴ്സിംഗ് പ്രോഗ്രാം ആണ് യോഗ്യത.

 

കാനഡയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും നഴ്സിംഗ് ബിരുദം (Internationally Educated Nurse, IEN) നേടിയവർക്ക് കാനഡയിൽ നേഴ്സ് ആയി ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ആദ്യത്തെ പടി കനേഡിയൻ നഴ്സിംഗ് രജിസ്ട്രേഷന് അപേക്ഷിക്കുക എന്നതാണ്. നാഷണൽ നഴ്സിംഗ് അസ്സസ്സ്മെന്റ് സർവീസ് (National Nursing Assessment Service, NNAS) ആണ് കാനഡയിലെ (ക്യുബെക്കും, മറ്റു ടെറിട്ടറീസും ഒഴികെ) നഴ്സിംഗ് രജിസ്ട്രേഷനുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന ഒരേയൊരു അംഗീകൃത സ്ഥാപനം.

ഓരോ പ്രൊവിൻസിനും അതിന്റേതായ നിയമങ്ങൾക്കനുസൃതമായി രൂപീകരിക്കപ്പെട്ടിട്ടുള്ള രജിസ്‌ട്രേഷൻ സ്ഥാപനവും (Regulatory Authority), അവരുടെ യോഗ്യതാ നിർണ്ണയ മാനദണ്ഡങ്ങളും (Assessment Process) ഉണ്ട്. അതിനാൽ NNAS അപേക്ഷയിൽ നിങ്ങൾക്ക്‌ ഏതു പ്രൊവിൻസിലാണ് ജോലി ചെയ്യാൻ താൽപര്യമെന്നും, ഏതു നഴ്സിംഗ് ലൈസൻസാണ് വേണ്ടതെന്നും വ്യക്തമാക്കേണ്ടതാണ്. അപേക്ഷയിൽ തീർപ്പെടുക്കുവാനുള്ള കാലതാമസം 12 മാസമായതിനാൽ, ഒരു തവണ സമർപ്പിച്ച അപേക്ഷയുടെ കാലാവധിയും 12 മാസമാണ്. പ്രധാനപ്പെട്ട അപേക്ഷ ഫോമിൻറെ ഫീസ് ഏകദേശം 650 US ഡോളർ ആണ്. ഇതിനുപുറമെ അന്യഭാഷയിലുള്ള മാർക്കുലിസ്റ്റുകളോ മറ്റു രേഖകളോ  ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യേണ്ടിവരുകയാണെങ്കിലോ, അധികം രേഖകൾ സമർപ്പിക്കേണ്ട ആവശ്യം വന്നാലോ, ചിലവുകൾ കൂടുമെന്നു NNAS വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

NNAS അപേക്ഷയുടെ ഭാഗമായി ഇംഗ്ലീഷിലോ ഫ്രഞ്ചിലൊ നിങ്ങൾക്കുള്ള ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റ് സ്കോർ (test score) കൂടെ സമർപ്പിക്കേണ്ടതുണ്ട്. കാനഡയുടെ ഔദ്യോഗിക ഭാഷകളായ ഇംഗീഷിലോ ഫ്രഞ്ചിലോ നിങ്ങൾക്ക്‌ സംവദിക്കാനും, എഴുതുവാനും, മനസ്സിലാക്കാനും ഉള്ള കഴിവുണ്ടോ എന്ന് അറിയുന്നതിനാണ് ഈ പരീക്ഷ. ഇംഗ്ലീഷ് ഭാഷയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള ടെസ്റ്റുകൾ രണ്ടെണ്ണമാണ് – IELTS ഉം (International English Language Testing System), CELBAN ഉം (Canadian English Language Benchmark Assessment for Nurses).

അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക്‌ നഴ്സിംഗ് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നൽകുകയോ, ലൈസൻസിനുള്ള യോഗ്യതയുണ്ടോ എന്ന് നോക്കുകയോ അല്ല NNAS ൻറെ ചുമതല. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത കനേഡിയൻ വിദ്യാഭ്യാസവുമായി ഒത്തുനോക്കുകയും, കനേഡിയൻ നഴ്സിംഗ് നിലവാരത്തിന് തത്തുല്യമായ യോഗ്യത ഉണ്ടോയെന്നും പരിശോധിച്ചു റിപ്പോർട്ട് (Advisory Report) തയ്യാറാക്കുകയുമാണ് NNAS ൻറെ ഉത്തരവാദിത്വം. ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രൊവിൻസിലെ നഴ്സിംഗ് റഗുലേറ്ററി സ്ഥാപനത്തിലേക്ക് ഈ റിപ്പോർട്ട് ആണ് ഉദ്യോഗാർത്ഥി അയക്കേണ്ടത്. ഉദാഹരണത്തിന്, കാനഡയിലെ പ്രധാനപ്പെട്ട പ്രൊവിൻസുകളിൽ ഒന്നായ ആൽബർട്ടയിലാണ് (Alberta) നിങ്ങൾ നേഴ്സ് ആയി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കോളേജ് ആൻഡ് അസോസിയേഷൻ ഓഫ് രജിസ്റ്റേർഡ് നഴ്സസ് ഓഫ് ആൽബർട്ടയിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓരോ പ്രൊവിൻസിനും വ്യത്യസ്തങ്ങളായ രജിസ്‌ട്രേഷൻ നിബന്ധനകളാണുള്ളതെങ്കിലും, NNAS ഇൻറെ അഡ്‌വൈസറി റിപ്പോർട്ട് ആധാരമാക്കിയാണ് റഗുലേറ്ററി അതോറിറ്റികൾ IEN അപേക്ഷകളിലെ തുടർനടപടികളിലേക്കു നീങ്ങുന്നത്.  കാനഡയിലെ ക്യുബക്കും, മറ്റു ടെറിട്ടറീസും  ഒഴികെയുള്ള എല്ലാ പ്രൊവിൻസുകളിലെയും നഴ്സിംഗ് റഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന NNAS കാനഡയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ നഴ്സിംഗ് അപേക്ഷകളും കൃത്യമായ വിശകലനം നടത്തി, അതാതു രേഖകൾ ഓൺലൈൻ സംവിധാനത്തിൽ സൂക്ഷിക്കുന്നു.

ഒരു വർഷത്തോളം ആണ് NNAS അഡ്വൈസറി റിപ്പോർട്ട് കിട്ടാനുള്ള കാത്തിരിപ്പ്. അത് കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ പോകാനുദ്ദേശിക്കുന്ന പ്രൊവിൻസിലെ നഴ്സിംഗ് റഗുലേറ്ററി അതോറിറ്റിക്ക് അപേക്ഷ അയക്കാവുന്നതാണ്. ഫലം അറിയാനായി വീണ്ടും ഒരു വർഷത്തെ കാലതാമസം എടുക്കും. നിങ്ങൾക്ക്‌ നേരിട്ട് രജിസ്‌ട്രേഷൻ പരീക്ഷ എഴുതാനുള്ള യോഗ്യതയുണ്ടോ, അതോ പരീക്ഷ എഴുതാനുള്ള യോഗ്യതയ്ക്കായി കൂടുതൽ ബ്രിഡ്ജിങ് കോഴ്സുകൾ എടുക്കണോ, മറ്റു ഡോക്യൂമെൻറ്സ് എന്തെങ്കിലും അധികമായി നൽകണോ എന്നെല്ലാമുള്ള തീരുമാനങ്ങൾ നഴ്സിംഗ് റഗുലേറ്ററി അതോറിറ്റികൾ അപേക്ഷകരെ യഥാസമയം അറിയിക്കുന്നതാണ്.

നേരിട്ട് ലൈസൻസിങ് പരീക്ഷ എഴുതാനുള്ള അനുവാദമാണ് കിട്ടുന്നതെങ്കിൽ നിങ്ങൾക്ക്‌ കാനഡയിലേക്ക് പോകാൻ തയ്യാറെടുക്കാവുന്നതാണ്. അതിനായി ഇമ്മിഗ്രേഷൻ ഡോക്യൂമെൻറ്സ് സമർപ്പിക്കേണ്ടതുണ്ട്. ഇനി നിങ്ങൾ പരീക്ഷയ്ക്ക് മുന്പായി ബ്രിഡ്ജിങ് കോഴ്സ് എടുക്കണം എന്നാണ് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനമെങ്കിൽ പഠന വിസയിൽ കാനഡയിലേക്ക് പോകാവുന്നതാണ്.

ഒന്ന് മുതൽ നാലു വർഷം വരെ നീളുന്ന കാത്തിരിപ്പും, പരിശ്രമവും, പഠനവും, സാമ്പത്തിക സ്വരുക്കൂട്ടലും, തളർത്താത്ത ആത്മവിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ, ജോലി ഭദ്രതയും, സാമ്പത്തിക മേന്മയും, ജീവിത സൗകര്യങ്ങളുമുള്ള സമാധാനവും സുരക്ഷിതവുമായ ഒരു ഭാവിയിലേക്കുള്ള വഴിയാണ് നഴ്സിംഗ് പഠനം കഴിഞ്ഞവർക്ക് കാനഡ പോലെയൊരു രാജ്യത്തു നിന്നും പ്രതീക്ഷിക്കാവുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*