ജോർജ് ജോസഫ് പൊടിപാറയ്ക്ക് മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ദീർഘവീക്ഷണത്തോടെ അടിത്തറ പാകിയ ജോർജ് ജോസഫ് പൊടിപാറയ്ക്ക് ചരമ രജത ജൂബിലി വേളയിൽ മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഗവൺമെൻറിനോടാവശ്യപ്പെട്ടു. പൊടിപാറ എംഎൽഎ ആയിരുന്നപ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻറെ ഭാഗമായിരിക്കുകയും പിന്നീട് കോട്ടയം നഗരസഭയിൽ ചേർക്കപ്പെടുകയും ചെയ്ത കുമാരനല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഗാന്ധിനഗർ – മെഡിക്കൽ കോളജ് റോഡിലെ റൗണ്ടാനയ്ക്ക് ജോർജ് ജോസഫ് പൊടിപാറ റൗണ്ട് എന്ന് നാമകരണം ചെയ്ത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ.

2021 ൽ ഇതു സംബന്ധിച്ചു നഗരസഭ ഒന്നാം വാർഡ് കൗൺസിലർ സാബു മാത്യു അവതരിപ്പിച്ച് കൗൺസിലർ എം. എ. ഷാജി പിൻതാങ്ങി നഗരസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം ഗവൺമെൻറിന് സമർപ്പിച്ചിരുന്നു. പൊടിപാറ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ചരമരജത ജൂബിലി സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ.എ.ജോർജ് ജോസഫ് പൊടിപാറ റൗണ്ടിൻറെ പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി. സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ടോമി കല്ലാനി, അഡ്വ. പി.എ. സലീം, കുഞ്ഞ് ഇല്ലംപള്ളി, ആർപ്പുക്കര പഞ്ചായത്ത് പ്രസിഡണ്ട് ദീപ ജോസ്, പി.യു. തോമസ് നവജീവൻ, അനുസ്മരണ സമിതി കൺവീനർ സാബു മാത്യു, എം.എ. ഷാജി, റ്റി.സി. റോയി, അന്നമ്മ മാണി, അഗസ്റ്റിൻ ജോസഫ്, സിറിൾ പൊടിപാറ, ഷോബി ലൂക്കോസ്, അൻസാരി കോട്ടയം, ഇമ്മാനുവൽ പി. ജെ., അജീഷ് റ്റി. അൽഫോൻസ്, എന്നിവർ പ്രസംഗിച്ചു.

കുടമാളൂർ സെൻറ് മേരീസ് ദൈവാലയത്തിൽ രാവിലെ അനുസ്മരണ ദിവ്യബലിയും സിമിത്തേരിയിൽ ഒപ്പീസും നടന്നു. വൈകിട്ട് മെഡിക്കൽ കോളജിൽ അത്താഴ വിതരണവും സംഘടിപ്പിച്ചു. 

 

Be the first to comment

Leave a Reply

Your email address will not be published.


*