നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്ന വിവരം മിഥുന്‍ രമേശ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.
‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. എനിക്ക് ബെൽ പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ, ഒരു കണ്ണും ബലം പ്രയോഗിച്ച് മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ്. മാറും എന്നാണ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്’- മിഥുൻ പറഞ്ഞു.
മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി. പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന് മുന്‍പ് ഈ അസുഖം വന്നപ്പോള്‍ ഇത് ചര്‍ച്ചയായിരുന്നു. മലയാളി സിനിമാ, സീരിയല്‍ താരം മനോജിനും മുന്‍പ് ഈ അസുഖം വന്നിരുന്നു.
Be the first to comment