കറിവേപ്പില; അറിയാം കൂടുതലായി

 

നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ് (Murraya koenigii). ആഹാരത്തിന്‌ രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്.ഇന്ത്യയിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. 

കറിവേപ്പ് എന്നത് ഒരു ചെറിയമരമാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.

*ഗുണങ്ങൾ:

വൈറ്റമിന്‍ സി, ഫോസ്ഫറസ്, അയണ്‍, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയില്‍ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. വെറും വയറ്റില്‍ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കറിവേപ്പില ഓക്സിഡേറ്റീവ് കേടുപാടുകള്‍ ഒഴിവാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. കറിവേപ്പില കഴിക്കുന്നത് മൂലം ശരീരത്തിലെ കൊളസ്ട്രോളിന്റെയും, ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്നു .

കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് കഴിവുണ്ട്. അവ നമ്മുടെ ശരീരത്തെ പലതരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുന്നു. കറിവേപ്പിലയിലെ ഫ്‌ലേവനോയ്ഡുകള്‍ സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഫലപ്രദമാണ്.  സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറിവേപ്പില ഗുണകരമാണ്.

കറിവേപ്പില കഴിക്കുന്നത് പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കറിവേപ്പിലയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. അങ്ങനെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. അവ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും പ്രമേഹ രോഗികളെ സഹായിക്കുകയും ചെയ്യുന്നു. 

കറിവേപ്പിലയില്‍ ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. കറിവേപ്പിലയില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍  കണ്ണുകള്‍ക്ക് ഗുണം ചെയ്യും.

 

*Nybinn Kunnel Jose

 

 

 

 

 

 

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*