ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; മുളപ്പിച്ച പയറിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇതിൽ പ്രോട്ടീൻ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിന് അനേകം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് വളരെയധികം സഹായിക്കും. ഇത് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് കൂടുൽ നല്ലത്. മുളപ്പിച്ച പയറിന്‍റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദഹനം മെച്ചപ്പെടുത്തുന്നു

മുളപ്പിച്ച പയറിൽ ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ അസിഡിറ്റി തടയാനും മലബന്ധം അകറ്റാനും ഇത് നല്ലതാണ്.

രക്‌തചംക്രമണം വർധിപ്പിക്കുന്നു

ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇത് രക്തത്തിലെ ഇരുമ്പ്, കോപ്പർ എന്നിവയുടെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയുന്നു

മുളപ്പിച്ച പയറിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യുന്നു. ഇതിൽ കുറഞ്ഞ കാലറിയും കൂടുതൽ പോഷകങ്ങളുമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന നല്ലൊരു ഭക്ഷണമാണ് മുളപ്പിച്ച പയർ.

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുളപ്പിച്ച പയർ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഒരു ഉറവിടമാണ് മുളപ്പിച്ച പയർ. ഇത് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നു. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യുന്നു. കൂടതെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്.

കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു

വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും. കാഴ്‍ച ശക്തി വർധിപ്പിക്കാനും ഇത് ഗുണം ചെയ്യുന്നു.

പ്രമേഹം

ഗ്ലൈസമിക് സൂചിക കുറവായതിനാൽ മുളപ്പിച്ച പയർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് ഒരു പേടിയും കൂടാതെ ഇത് കഴിക്കാം.

ചർമ്മത്തെ സംരക്ഷിക്കുന്നു

മുളപ്പിച്ച പയറിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിലെ വിറ്റാമിൻ സി ചർമ്മത്തെ തിളക്കമുള്ളതായി നിലനിർത്തുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*