
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്‌സും ഡ്രൈ ഫ്രൂട്‌സും. എന്നാല്‍ ഇത് തോന്നുംപടി കഴിക്കുന്നത് ശരീരത്തിന് പ്രയോജനപ്പെടണമെന്നില്ല. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതിനെക്കാള്‍ പ്രധാനമാണ് ആ ഭക്ഷണം എപ്പോള്‍ കഴിക്കുന്നുവെന്നത്. ശരീരത്തിന് മികച്ച ഫലം ലഭിക്കുന്നതിന് നട്‌സും ഡ്രൈ ഫ്രൂട്‌സും കഴിക്കാനും ചില സമയക്രമം പാലിക്കേണ്ടതുണ്ട്.
ഹോര്‍മോണുകള്‍, മെറ്റബോളിസം, ദഹനവ്യവസ്ഥ, രക്തത്തിലെ പഞ്ചസാര, പ്രവര്‍ത്തന മേഖല എന്നിവയെല്ലാം പ്രധാന പങ്ക് വഹിക്കുന്നു. ശാരീരികമായി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് വ്യായാമത്തിന് ശേഷം പ്രകൃതിദത്ത പഞ്ചസാരയും കൊഴുപ്പും നന്നായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ ഉദാസീനമായി ജോലി ചെയ്യുന്ന ആളുകള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ രാവിലെ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
1. നട്‌സും ഡ്രൈ ഫ്രൂട്‌സും
ഡ്രൈ ഫ്രൂട്‌സിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയാണ്. അതുകൊണ്ട് തന്നെ രാവിലെയോ വര്‍ക്ക്ഔട്ടിന് മുമ്പോ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ നട്‌സിന് ഗ്ലൈസെമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരപ്പെടുത്തുന്നതിനും അപകടസാധ്യക കുറയ്ക്കുന്നതിനും എപ്പോള്‍ വേണമെങ്കിലും നട്‌സ് കഴിക്കാവുന്നതാണ്.
2. ആരോഗ്യ അവസ്ഥ
അമിതമായ ആര്‍ത്തവം അനുഭവിക്കുന്നവര്‍ക്ക് രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പിഎംഎസ് ഉള്ളവര്‍ക്ക് മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍, ബദാം അല്ലെങ്കില്‍ വാല്‍നട്ട് എന്നിവ അത്താഴ സമയത്തെ സൂപ്പുകളില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ഉയര്‍ന്ന കാര്‍ബ് ഭക്ഷണത്തിന് മുന്‍പ് നട്‌സ് കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ പിസിഒഎസ് ഉള്ളവരില്‍. കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെ വൈകിപ്പിക്കുന്ന നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍ എന്നിവ നട്സില്‍ അടങ്ങിയിട്ടുണ്ട്.
3. ഊര്‍ജ്ജനില
ഈന്തപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഫിഗ്‌സ് എന്നിവവ പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ബദാം, വാല്‍നട്‌സ്, കശുവണ്ടി എന്നിവ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ്. ഇത് സ്റ്റാമിന വര്‍ധിപ്പിക്കും.
- ബദാം, വാല്‍നട്ടുകള്‍ ഊര്‍ജ്ജനില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
- ഈന്തപ്പഴം, പിസ്ത എന്നിവ വര്‍ക്ക് ഔട്ടിന് തൊട്ടു മുന്‍പ് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും.
- കശുവണ്ടി, ഉണക്കമുന്തിരി എന്നാവ ഉച്ചയ്ക്ക് ശേഷം പിന്നോട്ടടിക്കുന്ന മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
4. ശരീരഭാരം ക്രമീകരക്കുന്നതിന്
കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, വാല്‍നട്‌സ് എന്നിവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ശരീരഭാരം ക്രമീകരിക്കാന്‍ സഹായിക്കും. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതിനാല്‍ നട്‌സ് രാവിലെയോ ഉച്ചകഴിഞ്ഞോ കഴിക്കാവുന്നതാണ്. എന്നാല്‍ രാത്രി വൈകിയുള്ള ഡ്രൈ ഫ്രൂട്‌സ് ഒഴിവാക്കുക.
5. ദഹനത്തിന്
ദഹനം ശരിയായ രീതിയിൽ നടക്കാനും മലവിസർജ്ജനം നടത്താനും സഹായിക്കുന്ന പ്രൂണ്‍സ്, ഫിഗ്സ്, ഉണക്കമുന്തിരി, ബദാം തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് നല്ലതാണ്. വൈകുന്നേരം വയറു വീർക്കുന്നത് തടയാൻ കുതിർത്ത ഫിഗ്സ്, വാൽനട്ട് തുടങ്ങിയ നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
രാത്രിയിൽ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാൽ, ഡ്രൈ ഫ്രൂട്സും നട്‌സും വൈകി കഴിക്കുന്നത് വയറു വീർക്കുന്നതിനോ ദഹനക്കേടിനോ കാരണമാകും. ഡ്രൈ ഫ്രൂട്സിലെ സ്വാഭാവിക പഞ്ചസാര കുടലിൽ പുളിപ്പിച്ച് ഗ്യാസ്, ബ്ലോട്ടിങ്, പോലുള്ള അസ്വസ്ഥതയ്ക്കും കാരണമാകും.
6. ഉറക്കം
നട്സ് ചില ഭക്ഷണങ്ങളോട് യോജിപ്പിച്ചു കഴിക്കുന്നത് വിശ്രമം, മെലറ്റോണിൻ ഉത്പാദനം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മെലറ്റോണിന്റെ അളവ് വർധിപ്പിക്കുന്ന ട്രിപ്റ്റോഫാൻ പാലിൽ അടങ്ങിയിട്ടുണ്ട്, പിസ്തയോ ബദാമോ പാലിൽ പൊടിച്ചു ചേര്‍ത്തു കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ നല്ലതാണ്.
ബദാം, വാൽനട്ട് എന്നിവ വാഴപ്പഴത്തോടൊപ്പം കഴിക്കുന്നതും ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. വാഴപ്പഴത്തില്‍ വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അവയെ സ്വാഭാവിക പേശി വിശ്രമദായകമാക്കുന്നു. മെലറ്റോണിൻ ഉത്പാദനം വർധിപ്പിക്കാൻ നട്സിനൊപ്പം ഡാര്‍ക്ക് ചെറികളും കഴിക്കാവുന്നതാണ്.
7. ശ്രദ്ധിക്കേണ്ട കാര്യം
തേനിൽ റോസ്റ്റ് ചെയ്തോ ചോക്ലേറ്റിൽ പൊതിഞ്ഞതോ ആയിട്ടുള്ള പഞ്ചസാര അടങ്ങിയ നട്സുകൾ ഒഴിവാക്കുക, കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിപ്പിക്കും. ഉപ്പ് അടങ്ങിയ നട്സുകൾ ശരീരത്തില്‍ നിർജ്ജലീകരണത്തിനും അധിക സോഡിയം അടിഞ്ഞുകൂടാനും കാരണമാകും. അതുപോലെ, കഫീൻ അടങ്ങിയ നട്സുകൾ മെലറ്റോണിനെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ഉറക്കചക്രത്തെ ബാധിക്കുകയും ചെയ്യും.
Be the first to comment