വീടുകളിൽ ആക്രിപെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി.

രണ്ടോ മൂന്നോ സ്ത്രീകൾ കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം വീടിനു സമീപം വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും മറ്റു രണ്ടു സ്ത്രീകൾ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കും. വാതിൽ തുറക്കുന്നവരോട് ആക്രിക്ക് നല്ല വില തരാമെന്ന്‌ പറഞ്ഞ് വീടിൻ്റെ പിൻവശത്തേയ്ക്ക് പോകുമ്പോൾ കൂടെയുള്ളവർ വീടിനകത്തു കയറി വില പിടിപ്പുള്ള വസ്തുക്കൾ എടുക്കും. 20 പവൻ സ്വർണമാണ് തൃശ്ശൂരിൽ നിന്ന് ഇത്തരത്തിൽ പോയതെന്നും വ്യക്തമാക്കി.

വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാറുമുണ്ട് ഇവർ. അപരിചിതർ വീട്ടിലേയ്ക്ക് വരുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കുവാനും കേരള പൊലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*