ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിൽ നിന്ന് മെയ് 19ന് പുറപ്പെടും

വേനലവധി ആഘോഷമാക്കാൻ മലയാളികൾക്ക് ഒരു ടൂർ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ചുരുങ്ങിയ ചിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്താൻ സാധിക്കും വിധമാണ് ‘ഭാരത് ഗൗരവ് ടൂറിസം’ പാക്കേജ്  ഐആർസിടിസി സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 19 -ന് കേരളത്തിൽ നിന്ന് യാത്രതിരിച്ച് ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ‘ഗോൾഡൻ ട്രയാംഗിൾ’ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ് ഈ ടൂർ ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്.

കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്പൂർ, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ചാണ് തിരികെ എത്തുന്നത്. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന ട്രെയിനിൽ ആകെ 750 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സ്റ്റാൻഡേർഡ് ക്ലാസ്സ് 544 യാത്രക്കാർ കംഫർട്ട് ക്ലാസ്സ് 206 യാത്രക്കാർക്കും യാത്ര ചെയ്യാനാകും.യാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ,സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതുമാണ്.

പതിനൊന്ന് രാത്രിയും പതിനൊന്ന് പകലുകളും നീണ്ടു നിൽക്കുന്നതാണ് യാത്ര. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. നോൺ എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900/ രൂപയും തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,050/ രൂപയുമാണ്. വിനോദകേന്ദ്രങ്ങളിലേക്കുള്ള യാത്ര, രാത്രി ഹോട്ടലുകളിലെ താമസം, വെജിറ്റേറിയൻ ഭക്ഷണം എന്നിവ ടൂർപാക്കേജിൽ ഉൾപ്പെടും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും IRCTC വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*