ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ചിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ മൂന്ന് ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ചിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ മൂന്ന് ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ 15 വരെയാണ് കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡൽഹിയിലെ തിഹാർ ജയിലിലാണ് കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. നേരത്തെ കവിതയെ ഇഡി കസ്റ്റഡിയിലെടുക്കുമ്പോൾ സഹോദരൻ കെ ടി രാമറാവുവും ഇ ഡി സംഘവും തമ്മിലുള്ള തർക്കമുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് കവിതയെ ഹൈദരാബാദിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ഏജൻസിയുടെ കസ്റ്റഡിയിൽ അയക്കുകയും ചെയ്തത്.

ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് മദ്യ ലൈസൻസിനായി 100 കോടി രൂപ കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയതിൽ കവിത പങ്കാളിയായെന്നാണ് സിബിഐയുടെ വാദം. ശനിയാഴ്ച സിബിഐ ഉദ്യോഗസ്ഥർ തിഹാർ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളായ കവിത, ആം ആദ്മി പാർട്ടിക്ക് കോടികൾ കൈക്കൂലി നൽകിയ ‘സൗത്ത് ഗ്രൂപ്പിൻ്റെ’ ഭാഗമാണെന്നാണ് സിബിഐ അവകാശപ്പെടുന്നത്. ചില്ലറ വ്യാപാരികൾക്ക് 18.5 ശതമാനവും മൊത്തവ്യാപാര ഔട്ട്‌ലെറ്റുകൾക്ക് 12 ശതമാനവും അധിക ലാഭത്തിന് ആംആദ്മി പാർട്ടി മദ്യനയത്തിലൂടെ അവസാരമൊരുക്കിയെന്നും അതിന് പകരമായി 600 കോടി രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും ഈ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചുവെന്നുമാണ് ഇഡി ആരോപണം.

 

Be the first to comment

Leave a Reply

Your email address will not be published.


*