മാധുര്യമുള്ള പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്; ഇന്ന് ബിച്ചു തിരുമലയുടെ ഓര്‍മദിനം

കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഓർമകൾക്ക് ഒരു വയസ്.  ഈണത്തിനൊപ്പിച്ച് ഗാനങ്ങളെഴുതുന്നതിനെതിരെ ഒരു ‘പ്രത്യയശാസ്ത്ര യുദ്ധം’ തന്നെ നടക്കുന്ന കാലത്താണ് ബിച്ചു തിരുമല  മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. ഒരു സംഗീതജ്ഞൻ കൂടിയായ ബിച്ചുവിന് ഈണത്തെ സ്വന്തമാക്കാനും അതിനോട് വരികൾ ചേർക്കാനും പ്രയാസമൊന്നും അനുഭവപ്പെട്ടില്ല എന്നതാണ് ശരി. 1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം  എന്ന സിനിമയിൽ ജയവിജയൻമാർക്ക്  വേണ്ടി പാട്ടെഴുതിയാണ് ബിച്ചു തിരുമലയുടെ രംഗപ്രവേശം. 

സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് ബിച്ചു തിരുമല ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു.

എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. 

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ളയാണ് ബിച്ചു എന്ന് വിളിച്ചുതുടങ്ങിയത്. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ ബിച്ചു തിരുമലയായി. പ്രശസ്ത ഗായിക സുശീലാ ദേവി സഹോദരിയാണ്. സംഗീത സംവിധായകൻ ദർശൻ രാമൻ സഹോദരനും. പ്രസന്നയാണ് ഭാര്യ. സുമൻ എന്നൊരു മകനുമുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*