ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

ഈയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ നിരാശാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷി ജിൻ പിംഗ് യോഗത്തിനെത്തില്ലെന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി. “ഞാൻ നിരാശനാണ്. എന്നാൽ ഉടനെ എനിക്ക് അദ്ദേഹത്തെ കാണാനാകും.” ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച് അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

യോഗത്തിനായി എത്തുമെന്ന് ഷി ജിൻപിങ് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങിനെ പ്രതിനിധീകരിച്ച് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഉച്ചകോടിയിലാണ് ബൈഡനും ഷി ജിൻപിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലേക്ക് ഷി ജിൻപിങ് എത്തുന്നില്ലെങ്കിൽ സാൻഫ്രാൻസിസ്കോയിൽ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന APEC കോൺഫറൻസ് നവംബറിൽ നടക്കുമ്പോൾ ഇരുവർക്കും കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചേക്കും.

ഇന്ത്യയും ചൈനയും തമ്മിൽ വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഷി ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് എത്തില്ലെന്ന് അറിയിച്ചത്. അതിർത്തിയിൽ സൈനിക സംഘർഷങ്ങൾ മുറുകുന്നതിനോടൊപ്പം ഇന്ത്യയെ പ്രകോപിപ്പിച്ച് ഭൂപടം പ്രസിദ്ധീകരിച്ചതും വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അരുണാചൽ പ്രദേശും അക്സായി ചിൻ പീഠഭൂമിയും ചൈനയുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ഭൂപടം ചൈന പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഷി എത്താതിരിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് കരുതുന്നത്‌.

Be the first to comment

Leave a Reply

Your email address will not be published.


*