കാണാതെ പോയത് അഞ്ച് ലക്ഷം വോട്ടുകൾ? പോള്‍ ചെയ്തതും എണ്ണിയതും തമ്മിൽ അന്തരം വലുത്; ഉത്തരമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടും കൗണ്ട് ചെയ്ത വോട്ടും തമ്മില്‍ വലിയ അന്തരം. രാജ്യത്തെ 362 ലോക്‌സഭാ മണ്ഡലങ്ങളിലായി 5,54,598 വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍പ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. 176 മണ്ഡലങ്ങളിലായി 35,093 അധിക വോട്ട് എണ്ണിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്മിഷന്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 538 മണ്ഡലങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതായി ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, ഈ മണ്ഡലങ്ങളില്‍ ഇവിഎമ്മുകളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും വോട്ടെണ്ണല്‍ ദിനത്തില്‍ എണ്ണിയ ഇവിഎം വോട്ടുകളുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.

267 മണ്ഡലങ്ങളില്‍ ഈ വ്യത്യാസം 500 വോട്ടുകളില്‍ കൂടുതലാണ്. ഉദാഹരണത്തിന്, തമിഴ്നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 1,430,738 ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് വോട്ടെണ്ണിയപ്പോള്‍ 1,41,39,47 വോട്ടുകളാണ് ഉണ്ടായിരുന്നത്. 16,791 വോട്ടിന്റെ വ്യത്യാസം.

അസമിലെ കരിംഗഞ്ച് മണ്ഡലത്തില്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്ക് പ്രകാരം പോള്‍ ചെയ്തത് 11,36,538 വോട്ടാണ്. കൗണ്ട് ചെയ്തത് 11,40,349 വോട്ടാണ്. 3,811 വോട്ടിന്റെ വര്‍ധനവ്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭ്യമായിട്ടില്ല.

അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് സംബന്ധിച്ച വിശദീകരണം സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിട്ടുണ്ട്. കമ്മിഷന്‍ പുറപ്പെടുവിച്ച പ്രോട്ടോക്കോളുകല്‍ അനുസരിച്ച് പോള്‍ ചെയ്ത വോട്ടുകള്‍ കണക്കാക്കാത്ത ചില പോളിങ് സ്‌റ്റേഷനുകള്‍ ഉള്ളതുകൊണ്ടാകാം പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസത്തിന് കാരണം എന്നാണ് യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണിയ വോട്ടുകളുടെ എണ്ണം പോള്‍ ചെയ്ത ഇവിഎം വോട്ടുകളുടെ എണ്ണത്തേക്കാള്‍ കുറവായേക്കാവുന്ന രണ്ട് സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.

ആദ്യം, യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അബദ്ധത്തില്‍ മോക്ക് പോള്‍ ഡാറ്റ ക്ലിയര്‍ ചെയ്യാന്‍ മറന്നാല്‍ ഇങ്ങനെ സംഭവിക്കാം. രണ്ട്, യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വിവിപാറ്റില്‍ നിന്ന് മോക്ക് പോള്‍ സ്ലിപ്പുകള്‍ നീക്കം ചെയ്യാതിരുന്നാലും ഇങ്ങനെ സംഭവിക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ണാടകയില്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ തടസ്സപ്പെട്ടിരുന്നു. വോട്ടെടുപ്പ് ദിനങ്ങളിലും നിരവധി മണ്ഡലങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ ഇവിഎമ്മില്‍ തിരിമറി നടന്നതായി ആരോപിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മില്‍ തിരിമറി നടത്താന്‍ സാധ്യമല്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറച്ചുനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിലപാട് സുപ്രീംകോടതിയും അംഗീകരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*