അതിരമ്പുഴയിൽ വൻ കഞ്ചാവ് വേട്ട; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 9 മണിയോടെ അതിരമ്പുഴ ടൗണിനും എം ജി യൂണിവേഴ്സിറ്റിക്കും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ് പ്രതി.

അതിരമ്പുഴയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.  ഇടപാടുകാർ പണം ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം നാട്ടിൽ പോയ ഇയാൾ തിരിച്ചു വരുന്നത് അറിഞ്ഞ് പോലീസ് ഇയാൾക്കായി വലവിരിച്ചിരുന്നു. ഏറ്റുമാനൂരിൽ ട്രെയിനിൽ എത്തിയ പ്രതി യൂണിവേഴ്സിറ്റി ഭാഗത്തേക്ക് വരുമ്പോഴാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഗാന്ധിനഗർ എസ്ഐ എം കെ അനുരാജ്, എഎസ്ഐ സൂരജ് സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനൂപ് രഞ്ജിത്,സജിത്ത് ഇവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*