
ഏറ്റുമാനൂരിൽ ബാറിനു മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ട പ്രതി കുറവിലങ്ങാട് പോലീസിനെക്കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഏറ്റുമാനൂർ പാലക്കുന്നേൽ ബാറിൽനിന്നു മോഷണം പോയ ബൈക്കാണ് ഏഴു ദിവസത്തിന് ശേഷം കുറവിലങ്ങാടുനിന്ന് കണ്ടെത്തിയത്.
ഈ മാസം മൂന്നിനായിരുന്നു ബൈക്ക് മോഷണം നടന്നത്. പാലക്കുന്നേൽ ബാറിൽനിന്നു മദ്യപിച്ച ശേഷം പുറത്തേയ്ക്കിറങ്ങിവന്ന യുവാവിനെ വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്താണ് മോഷ്ടാവ് ഒപ്പം കൂടിയത്. മദ്യലഹരിയിലായിരുന്ന യുവാവിനെ വീട്ടിൽ എത്തിച്ച് ഇറക്കിവിട്ട ശേഷം പ്രതി ബൈക്കുമായി മുങ്ങുകയായിരുന്നു. ബൈക്ക് ഉടമയുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഏഴു ദിവസങ്ങൾക്ക് ശേഷം കുറവിലങ്ങാട് ഭാഗത്ത് ബൈക്ക് കണ്ടെത്തിയത്.
കുറവിലങ്ങാട് പോലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് ബൈക്കുമായി എത്തുകയായിരുന്നു. പോലീസ് പരിശോധന നടത്തുന്നതു കണ്ട് യുവാവ്, ബൈക്ക് നടുറോഡിൽ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പോലീസ് സംഘം ബൈക്ക് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു ബൈക്ക് ഉടമയെ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Be the first to comment