‘വ്യക്തികൾക്ക് മത്സരിക്കാൻ വിലക്കില്ല; പാനൽ തയാറാക്കിയുളള മത്സരത്തിനാണ് വിലക്ക്’; ബിനോയ് വിശ്വം

സമ്മേളനങ്ങളിലെ മത്സര വിലക്ക്, പാർട്ടി യോഗത്തിൽ വിശദീകരിച്ച് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യക്തികൾക്ക് മത്സരിക്കാൻ വിലക്കില്ലെന്നും പാനൽ തയാറാക്കിയുളള മത്സരത്തിനാണ് വിലക്കെന്നും സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം വിശദീകരിച്ചു. എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാല വിഷയത്തിൽ കുടിവെളളത്തിനും കൃഷി ആവശ്യത്തിനുളള ജലത്തിലും ഉറപ്പ് ലംഘിച്ചാൽ പ്രതിഷേധിക്കാനും സി.പി.ഐ തീരുമാനിച്ചു.

കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച പാർട്ടി സമ്മേളനങ്ങൾ സംബന്ധിച്ച മാർഗ രേഖ വിവാദമായ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വം പാർട്ടി ഫോറത്തിൽ വിശദീകരണം നൽകിയത്. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുളള പ്രതിനിധികളുടെ ജനാധിപത്യാവകാശം കവർന്നെടുക്കുന്നു എന്ന വിമർശനമാണ് മത്സര വിലക്കിനെതിരെ ഉയർന്നത്. മത്സരം വിലക്കിയിട്ടില്ലെന്നാണ് ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടിവിന് നൽകിയ വിശദീകരണം.

ഔദ്യോഗിക പാനലിന് എതിരെ ബദൽ പാനൽ കൊണ്ടുവന്ന് നടത്തുന്ന മത്സരം നിയന്ത്രിക്കണമെന്നാണ് സമ്മേളന മാർഗരേഖ നിർദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷത്തിൽ പാർട്ടിയിൽ ചേരിപ്പോരുണ്ടാകാതെ നോക്കാനാണ് ഈ നിർദ്ദേശമെന്നും ബിനോയ് വിശ്വം ന്യായീകരിച്ചു.എന്നാൽ ഔദ്യോഗിക പാനലിനോട് വിയോജിപ്പുളള പ്രതിനിധികൾക്ക് മത്സര വിലക്കില്ല. പാനലിനെതിരെ മത്സരിക്കാം. ബദൽ പാനൽ വെച്ചുളള മത്സരം നടക്കുന്ന സമ്മേളനങ്ങൾ നിർത്തിവെക്കുമെന്ന മാർഗ രേഖയിലെ നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം എക്സിക്യൂട്ടിവിനെ അറിയിച്ചു.

സർക്കാരിന്റെ നടപടികൾക്കെതിരെയും യോഗത്തിൽ ചർച്ച നടന്നു. ഉറപ്പുകളുടെ അടിസ്ഥാനത്തിൽ എലപ്പുളളി ബ്രുവറിയെ അനുകൂലിച്ചെങ്കിലും അവ ലംഘിച്ചാൽപരസ്യ പ്രതിഷേധത്തിന് മടിക്കേണ്ടെന്നാണ് സി.പി.ഐ എക്സിക്യൂട്ടീവിന്റെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*