സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പല സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തേ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നെങ്കിലും കാര്യക്ഷമമായി ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി വി പി ജോയി ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം വകുപ്പുകള്‍ക്ക് നല്‍കിയത്.
ജനുവരി ഒന്നിന് മുമ്പ് കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കി. ഹാജര്‍നില ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു. ഒന്നാം തീയതി ഞായറാഴ്ചയും ഇന്ന് പൊതു അവധിയുമായതിനാല്‍ പുതുവര്‍ഷത്തിലെ ആദ്യ പ്രവൃത്തി ദിനമായ നാളെ മുതലാണ് ഓഫീസുകളില്‍ സംവിധാനം നടപ്പിലാവുക. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടാതെ അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സംവിധാനം നടപ്പാകും. ഇവിടങ്ങളില്‍ ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് ഈ സംവിധാനം നിലവില്‍ വരും.
നേരത്തേ സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പലതവണ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലി സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നടപടി പലതവണ നടപ്പാക്കാന്‍ നിര്‍ദേശിച്ചെങ്കിലും നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ സംഘടിതമായാണ് പ്രതികരിച്ചിരുന്നത്. നിലവില്‍ കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.പഞ്ചിംഗ് സംവിധാനത്തിന്റെ ശരിയായ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓരോ വകുപ്പും അഡീഷണല്‍ സെക്രട്ടറിയെയോ ജോയിന്റ് സെക്രട്ടറിയെയോ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
Be the first to comment