കോട്ടയത്ത് പക്ഷി പനി; എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രണ്ടു പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കുന്നത്. കൊന്ന പക്ഷികളെ സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപ്പനയും കടത്തലും ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിൽ കോഴി, താറാവ് മറ്റു വളർത്തുപക്ഷികൾ എന്നിവ അസാധാരണമായി ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു. 

എല്ലാ തരം പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എൻ 1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ ഭോപ്പാലിലെ  ലാബിലേക്ക് അയച്ച് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റാൽ മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം സംഭവിക്കുകയും ചെയ്യും. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും അതീവ ശ്രദ്ധ ആവശ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*