ജനന-മരണ രജിസ്ട്രേഷൻ നടപടികൾ ഇനി എളുപ്പം: മൊബൈൽ ആപ്പ് പുറത്തിറക്കി

ഹൈദരാബാദ്: ജനന-മരണ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ. ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (സിആർഎസ്) എന്ന ആപ്പ് പുറത്തിറക്കിയത്. രാജ്യത്ത് പൗരന്മാർക്ക് എവിടെ വെച്ചും, ഏത് സമയത്തും ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആപ്പിലൂടെ സാധിക്കും. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും വ്യത്യസ്‌ത ഭാഷകൾ ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

സിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇത് രജിസ്ട്രേഷനുള്ള സമയം കുറയ്ക്കുമെന്നും, നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു. സാങ്കേതികവിദ്യയെ ഭരണസംവിധാനവുമായി സമന്വയിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ കാഴ്‌ചപ്പാടിന്‍റെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആപ്പ് ഇന്‍റർഫേസ് വിശദമാക്കുന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ വീഡിയോയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കിട്ടു.

ആപ്പ് വഴി രജിസ്‌ട്രേഷന്‍റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലെഗസി റെക്കോർഡുകളുടെ ഡിജിറ്റലൈസേഷൻ സാധ്യമാക്കാനും കഴിയും. ആപ്പിന്‍റെ പ്രവർത്തനത്തിനും പരിപാലനത്തിനും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നും പോസ്റ്റിൽ പറയുന്നു.

സിവിൽ രജിസ്ട്രേഷൻ സിസ്റ്റം എങ്ങനെ ഉപയോഗിക്കാം?

രജിസ്‌ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്നവർ ആദ്യം ആൻഡ്രോയ്‌ഡ് സ്‌മാർട്ട്ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സിആർഎസ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും നിർമിച്ച് അവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് തുറന്നുവരുന്ന ആപ്പിന്‍റെ ഹോം സ്ക്രീനിൽ ജനന മരണങ്ങൾ പ്രദർശിപ്പിക്കും. ജനനം, മരണം, ദത്തെടുക്കൽ, പ്രൊഫൈൽ, പേയ്‌മെന്‍റ് തുടങ്ങിയ ഓപ്‌ഷനുകൾ കാണാനാവും. ജനനം രജിസ്റ്റർ ചെയ്യാൻ, ‘ബർത്ത്/ ജനനം’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം ജനനത്തീയതി, വിലാസം, കുട്ടിയുടെ കുടുംബ വിശദാംശങ്ങൾ എന്നിവ നൽകുക. മരണം രജിസ്റ്റർ ചെയ്യുന്നതിന് ‘ഡെത്ത്/ മരണം’ എന്ന ഓപ്‌ഷനും തെരഞ്ഞെടുക്കാവുന്നതാണ്. പേയ്‌മെന്‍റ് പ്രക്രിയ പൂർത്തിയാക്കിയാൽ ആവശ്യമായ സർട്ടിഫിക്കറ്റ് ലഭ്യമാകും. തുടർന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*