കാട്ടുപോത്ത് ആക്രമണം: കൊമ്പുകോര്‍ത്ത് വനംമന്ത്രിയും കെസിബിസിയും

കോട്ടയം കണമലയില്‍ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊമ്പുകോര്‍ത്ത് വനം മന്ത്രിയും കെസിബിസിയും. കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ​ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പ് രം​ഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.

കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ സംസ്ക്കാര ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കവെ ആയിരുന്നു വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടത്. വന്യജീവി നിയമത്തിൽ മാറ്റം വരുത്തണം. അടിയന്തിര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടി വയ്ക്കാൻ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇതിനോട് പ്രതികരിച്ച വനംമന്ത്രി മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നത് എന്നും കുറ്റപ്പെടുത്തുകയായിരുന്നു. മതമേലധ്യക്ഷന്‍ നിലപാട് പരിശോധിക്കണമെന്നും പ്രവര്‍ത്തനം, പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് ചിലര്‍ നിരന്തരം ശ്രമിക്കുകയായിരുന്നു. മരിച്ചുപോയവരെ വെച്ച് ഈ സന്ദര്‍ഭത്തില്‍ ചിലര്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പക്വതയോടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് കെസിബിസി നേതൃത്വം. ഇപ്പോഴത്തെ നിലപാട് കെസിബിസിയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ പങ്കുവച്ചത് സാധാരണ ജനങ്ങളുടെ വികാരമാണെന്നായിരുന്നു കെസിബിസി വക്താവ് ഫാദര്‍ പാലക്കാപ്പള്ളിയുടെ പ്രതികരണം. കെസിബിസി പ്രതികരിച്ചത് മാന്യമായാണ്. പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും തെറ്റായി മാറിയോ?, സഭാ നേതൃത്വം നടത്തിയത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. വന്യജീവി ആക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസും പ്രതികരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*