ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. വ്യാപാരത്തിനിടെ ഒരു ലക്ഷം ഡോളറിന് മുകളിലേക്കാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ട്രംപ് ഭരണകൂടം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിറ്റ്‌കോയിന് സഹായകമായത്. ഈ വര്‍ഷം ബിറ്റ്കോയിന്റെ മൂല്യം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. ട്രംപിന്റെ വന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്ചയ്ക്കുള്ളില്‍ ഏകദേശം 45 ശതമാനമാണ് മൂല്യം ഉയര്‍ന്നത്.
‘ഞങ്ങള്‍ ഒരു മാതൃകാപരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ബിറ്റ്‌കോയിനും മുഴുവന്‍ ഡിജിറ്റല്‍ അസറ്റ് ഇക്കോസിസ്റ്റവും സാമ്പത്തിക മുഖ്യധാരയിലേക്ക് കടക്കുന്നതിന്റെ വക്കിലാണ്,’ -യുഎസ് ക്രിപ്‌റ്റോ സ്ഥാപനമായ ഗാലക്‌സി ഡിജിറ്റലിന്റെ സ്ഥാപകനും സിഇഒയുമായ മൈക്ക് നോവോഗ്രാറ്റ്‌സ് പറഞ്ഞു.
ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചിട്ട് 16 വര്‍ഷത്തിലേറെയായി. നിരവധി വിവാദങ്ങളുടെ ചരിത്രം ഉണ്ടായിരുന്നിട്ടും ബിറ്റ്‌കോയിന് മുഖ്യധാരയില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണ്.ഒരു ലക്ഷം ഡോളര്‍ കടക്കുന്നത് ഒരു നാഴികക്കല്ലാണ്. ഇത് സാമ്പത്തികം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയം എന്നിവയിലെ മാറ്റത്തിന്റെ തെളിവാണിത്’- ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ക്രിപ്‌റ്റോ അനലിസ്റ്റായ ജസ്റ്റിന്‍ ഡി അനേതന്‍ പറഞ്ഞു.
Be the first to comment