ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല. ശോഭ സുരേന്ദ്രനെ ഇത് രണ്ടാം തവണയാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടി തഴയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ് രാധാകൃഷ്ണന്‍, വി.വി രാജേഷ്, കെ.കെ അനീഷ് കുമാര്‍, നിവേദിത എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചു.

കെ സുരേന്ദ്രന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എഎന്‍ രാധാകൃഷ്ണന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

നേരത്തേ നടന്ന പുനഃസംഘടനയില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ ശോഭ സുരേന്ദ്രന്‍ പരസ്യപ്രതിഷേധമറിയിച്ചിരുന്നു. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച ആളാണ് താനെന്നും ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ അന്ന് പരസ്യമായി പ്രതികരിച്ചത്. തുടര്‍ന്ന് ഏറെ നാളായി പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന ശോഭ സുരേന്ദ്രന്‍ അടുത്തിടെയാണ് ഔദ്യോഗിക പരിപാടികളില്‍ സജീവമായത്.

Be the first to comment

Leave a Reply

Your email address will not be published.


*