ഷിംല: ഹിമാചല്‍ പ്രദേശില്‍ അയോഗ്യരാക്കിയ കോൺഗ്രസിലെ ആറ് എംഎൽഎമാർക്കും സീറ്റ് നൽകി ബിജെപി. ഹിമാചൽ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആറ് പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കും. ഈ ആറ് പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമടക്കം ഒമ്പത് പേർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. സുധീർ ശർമ്മ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദെർ ദത്ത് ലഘൻപാൽ, ചൈതന്യ ശർമ്മ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് കോൺഗ്രസിൽ നിന്ന് വിട്ട് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും ഹാമിർപൂർ എംപിയുമായ അനുരാഗ് താക്കൂർ, മുൻ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ചത്.
സുധീർ ശർമ്മ ധരംശാലയിലും രവി താക്കൂർ ലഹോർ – സിറ്റിയിൽ നിന്നും രജീന്ദർ റാണ സുജൻപൂരിൽ നിന്നും ഇന്ദെർ ദത്ത് ലഘൻപാൽ ബർസാറിൽ നിന്നും ചൈതന്യ ശർമ്മ ഗഗ്രേത്തിൽ നിന്നും ദേവീന്ദർ കുമാർ ഭൂട്ടോ കുട്ലെഹാറിൽ നിന്നും മത്സരിക്കും. ഈ ആറ് സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. തെരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടത്തിൽ ഉൾപ്പെട്ട ഹിമാചലിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതേ ദിവസമാണ്.
Be the first to comment