ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് വരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കവും പ്രചാരണ രീതികളും നേരിട്ട് കണ്ട് വിലയിരുത്താനുള്ള ബിജെപിയുടെ ക്ഷണം സ്വീകരിച്ചാണ് കക്ഷികളുടെ വരവ്. ഇതുവരെ വിവിധ രാജ്യങ്ങളിലെ 25 രാഷ്ട്രീയ പാർട്ടികളെ ഇതിനായി ക്ഷണിച്ച് ബിജെപി കേന്ദ്ര നേതൃത്വം കത്ത് നൽകിയെന്നാണ് വിവരം. ഇതിൽ 13 രാഷ്ട്രീയ പാർട്ടികൾ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് എത്തുകയെന്ന പട്ടിക ബിജെപി പിന്നീട് മാത്രമേ പുറത്തുവിടൂവെന്ന് റിപ്പോർട്ട് . ഇന്ത്യയിൽ എത്തിയാൽ ഇവർക്ക് ബിജെപി നേതാക്കളുമായും സ്ഥാനാർത്ഥികളുമായും സംസാരിക്കുന്നതിനും ഒപ്പം മോദിയുടെയും അമിത് ഷായുടെയും റാലികളിൽ പങ്കെടുക്കുന്നതിനും സൗകര്യമൊരുക്കും. തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിടുന്ന നരേന്ദ്ര മോദി സർക്കാരിന് മുന്നിൽ വിദേശ ബന്ധം വളരെയേറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ്. ഖലിസ്ഥാനി നേതാവ് നിജ്ജാറിൻ്റെ കാനഡയിലെ വധം കൊളുത്തിവിട്ട രാഷ്ട്രീയ വിവാദവും കെജ്രിവാളിൻ്റെ അറസ്റ്റിനോട് യുഎസും ജർമ്മനിയും അടക്കം പ്രതികരിച്ച രീതിയും കച്ചത്തീവ് വിഷയത്തിൽ ശ്രീലങ്കയുടെ നിലപാടും മാലദ്വീപിലെ രാഷ്ട്രീയ മാറ്റം സൃഷ്ടിച്ച പ്രതിസന്ധിയും ഇന്ത്യക്ക് വലിയ ബാധ്യതയാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയെ അറിയാം പരിപാടിയുടെ പ്രസക്തി.
ലോകത്ത് ജനാധിപത്യ ഭരണ സംവിധാനത്തിൻ്റെ മാതാവ് ഇന്ത്യയാണെന്ന് ബിജെപി വിദേശകാര്യ സെല്ലിൻ്റെ ചുമതലയുള്ള വിജയ് ചൗതൈവാലെ പറയുന്നു. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ് ഇന്ന് ബിജെപി. അതിനാൽ തന്നെ ലോകരാഷ്ട്രങ്ങളിലെ നേതാക്കൾക്ക് ബിജെപിയെ കുറിച്ച് അറിവുണ്ടാക്കേണ്ട ആവശ്യമുണ്ട്. എങ്ങനെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെന്നും എത്ര ആഴത്തിലാണ് പ്രചാരണം നടത്തുന്നതെന്നും വിദേശ രാജ്യങ്ങളിലെ കക്ഷികൾക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment