പശ്ചിമ ബംഗാളിലെ ഭൂപതിനഗറിൽ എൻ ഐ എ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം തെരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും വിഷയത്തിൽ വാക്കാൽ ഏറ്റുമുട്ടിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. രാഷ്ട്രീയ നേതാക്കൾ അഴിമതി നടത്താനുള്ള ലൈസൻസാണ് തൃണമൂലിന് വേണ്ടതെന്ന് മോദി തുറന്നടിച്ചപ്പോൾ അന്വേഷണ ഏജൻസികൾ ബിജെപിയുടെ ആയുധങ്ങളായി പ്രവർത്തിക്കുകയാണെന്ന് മമതയും പ്രതികരിച്ചു.
2022ലെ ബോംബ് സ്‌ഫോടനക്കേസ് അന്വേഷിക്കാനെത്തിയ എൻ ഐ എ സംഘത്തിനായിരുന്നു കിഴക്കൻ മിദ്നപുരിലെ ഭൂപതിനഗറിൽ അക്രമം നേരിടേണ്ടി വന്നത്. പ്രദേശവാസികൾ അന്വേഷണ സംഘം സഞ്ചരിച്ച വാഹനം ആക്രമിച്ചു. ഉടൻ തന്നെ സർക്കാരുമായി സ്വരചേർച്ചയിലല്ലാത്ത ഗവർണർ സി വി ആനന്ദബോസ് രംഗത്തെത്തിയിരുന്നു. എന്നാൽ എൻ ഐ എ ഉദ്യോഗസ്ഥർ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും അതിനെ ചെറുക്കുകയാണ് ജനങ്ങൾ ചെയ്തതെന്നുമായിരുന്നു മമതയുടെ ആദ്യ പ്രതികരണം. പിന്നാലെയാണ് ശക്തമായ ഭാഷയിൽ തൃണമൂലിനെ വിമർശിച്ച് ബിജെപിയും മോദിയും രംഗത്തെത്തിയത്.
തൃണമൂൽ കോൺഗ്രസ് ഭരണഘടനയെ തകർത്ത് അഴിമതിക്കാരായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് മോദിയുടെ ആരോപണം. അതേസമയം, തൃണമൂൽ നേതാക്കളെ ബിജെപിയിലേക്ക് മാറ്റാൻ കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്ന് മമത ആരോപിച്ചു. പാർട്ടികളിലെ അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കാനാണ് ടിഎംസിയും ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് ഇന്ത്യൻ സഖ്യം രൂപീകരിച്ചതെന്നും മോദി പറഞ്ഞു. എന്നാൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ, എൻഐഎ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ആയുധങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് മമത തിരിച്ചടിച്ചു.
മമതയുടെ ആരോപണങ്ങളെ എതിർത്ത് രംഗത്തെത്തിയ എൻ ഐ എ ഞായറാഴ്ച സംഭവുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരുന്നു. ശനിയാഴ്ച നടന്ന പരിശോധനയ്ക്ക് പിന്നിൽ ഗൂഢ ഉദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രകോപനമായൊന്നുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും എൻ ഐ എ പ്രസ്താവനയിൽ പറഞ്ഞു. എൻഐഎ പ്രസ്താവനയെത്തുടർന്ന്, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി അന്വേഷണ ഏജൻസിയെ ലക്ഷ്യമാക്കി ആരോപണമുന്നയിച്ചിരുന്നു. ബിജെപി- എൻ ഐ എ സഖ്യം ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നാണ് പ്രധാന ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിന് ശേഷം ബിജെപി നേതാവ് ജിതേന്ദ്ര തിവാരിയുമായി എൻ ഐ എ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തിയെന്നും തൃണമൂൽ നേതാവ് ആരോപിക്കുന്നു. അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കണം. എൻഐഎ ഉദ്യോഗസ്ഥനെ കാണാൻ പോയപ്പോൾ തിവാരിയുടെ പക്കൽ ഒരു ‘പാഴ്സൽ’ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Be the first to comment